suresh-gopi

ഓർമ്മയുണ്ടോ ഈ മുഖം...?​ ഒരു കാലത്ത് ഈ ചോദ്യം കേട്ട് തീയേറ്ററിൽ കയ്യടിക്കാത്ത മലയാളികൾ ചുരുക്കമാണ്. മലയാളികളുടെ പൊലീസ് വേഷം എന്ന സങ്കല്പത്തിന് തന്നെ ഉദാഹരണമായി മാറുകയായിരുന്നു സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രം. തീപ്പൊരി ഡയലോഗുകളും മാസ് സീനുകളും കോർത്തിണക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ മലയാളികളുടെ ആവേശമായി മാറിയിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വർഷം തികയുകയാണ്.

1994ലാണ് ഡയലോഗുകളുടെ തമ്പുരാൻ രഞ്ജി പണിക്കരുടെ തിരക്കഥയിൽ​ മലയാളത്തിന്റെ മാസ്റ്ര‌ർഷോട്ട് ആക്ഷൻ സംവിധായകൻ ഷാജി കൈലാസും,​ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ഒന്നിച്ചപ്പോൾ മലയാളത്തിന് പിറന്നത് എക്കാലത്തെയും മികച്ച ഹിറ്രു‌‌‌‌കളിലൊന്നാണ്. സുരേഷ് ഗോപി എന്ന നടന്റെ തന്നെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ ചിത്രമാണ് കമ്മീഷണർ.

മുതിർന്ന ഉദ്യോഗസ്ഥരെയും, മന്ത്രിമാരെയും ഒന്നിനെയും കൂസലില്ലാതെ എന്തിനെയും ഏതിനെയും ശക്തമായി നേരിടുന്ന നായകൻ മലയാളികളുടെ പൊലീസ് സങ്കൽപമായി മാറുകയായിരുന്നു. കിടിലൻ ആക്ഷൻ രംഗങ്ങളും നീളമേറിയ ഡയലോഗുകൾ കൊണ്ടും സമൃദ്ധമായ സിനിമയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ക്രൈം ത്രില്ലർ ജോണറിൽ പുറത്തിറക്കിയ ചിത്രം വ്യത്യസ്ഥമായത് അവതരണ ശൈലിയും താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളും കൊണ്ടായിരുന്നു. ഓരോ പ്രേക്ഷകനെയും ത്രസിപ്പിച്ച മലയാളത്തിന്റെ ക്രൈം ത്രില്ലർ പൊലീസ് സ്റ്റോ‌റികളുടെ പട്ടികയിൽ കമ്മീഷണർ എന്നും മുന്നിൽ തന്നൊയാണ്.

ശോഭനയായിരുന്നു കമ്മീഷണറിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചത്. എം.ജി. സോമൻ,​ രതീഷ്,​ അഗസ്റ്റ‌ിൻ, രാജൻ പി.ദേവ്,​ എൻ.എഫ് വർഗീസ്,​ വിജയരാഘവൻ,​ ഭീമൻ രഘു തുടങ്ങി മലയാളം കണ്ട എല്ലാ വില്ലന്മാരും ഒന്നിച്ചെത്തിയ ചിത്രം പ്രേക്ഷകർക്ക് തീരാത്ത ആവേശമായി മാറി. 'മോഹൻ തോമസിന്റെ ഉച്ചിഷ്ടവും....' എന്ന് തുടങ്ങുന്ന ഡയലോഗ് ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സുരേഷ് ഗോപി എന്ന നടന്റെ അസാദ്ധ്യ പെർഫോമെൻസും,​ ഡയലോഗ് ഡെലിവറയും എല്ലാം കൂടിയായപ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പായി മാറുകയായിരുന്നു.

പിന്നീട് മിമിക്രി വേദികളിൽ പോലും ഭരത് ചന്ദ്രന്റെ തീപ്പൊരി ഡയലോഗുകൾ കേൾക്കാൻ ആളുകൾ തടിച്ചുകൂടിയ കാലമുണ്ടായിരുന്നു. ഇന്നും സുരേഷ് ഗോപി എന്ന നടന്റെ പേര് പറഞ്ഞാൽ പോലും ഓ‌ർമ്മവരുന്നത് രാജാമണി ഒരുക്കിയ അതേ പശ്ചാത്തലസംഗീതമാണ്. പിന്നീട് ചിത്രത്തിന്റെ തുടർച്ചയായി രഞ്ജിപണിക്കർ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭരത്ചന്ദ്രൻ ഐ.പി.എസ്. രണ്ടാം വരവിലും ഭരത്ചന്ദ്രന് അടിപതറിയില്ലെന്ന് മാത്രല്ല തീയേറ്ററുകളിൽ വൻവിജയമായി മാറുകയും ചെയ്തു.