കൊല്ലം: അയ്യപ്പനെന്ന പേര് പറയുന്നവരെ കേരളത്തിൽ അറസ്‌റ്റ് ചെയ്യുന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാർമശം തെറ്റാണെന്നും ശബരിമലയുടെ പേരിൽ അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ശബരിമലയുടെ കാര്യത്തിൽ മോദി പച്ചക്കള്ളമാണ് പറയുന്നത്. നിയമവിരുദ്ധ പ്രവർത്തനത്തിനാണ് നിരവധി പേരെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. തെറ്റ് ചെയ്‌താൽ ആരായാലും സംസ്ഥാന സർക്കാർ നടപടിയെടുക്കും. രാജ്യത്ത് നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മോദിക്കും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരാണ്. എന്നിട്ട് മോദിയുടെ അനുഗ്രഹാശിസുകളോടെ തന്നെ ശബരിമലയിൽ അക്രമികളെത്തി. അവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചത്. അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്‌റ്റ് ചെയ്യുകയാണെന്ന പ്രചാരണം പച്ചക്കള്ളമാണ്. കേരളത്തിലെത്തിയ മോദി വിശ്വാസം, വിശ്വാസികൾ എന്നൊക്കെയാണ് പറഞ്ഞത്. എന്നാൽ തമിഴ്നാട്ടിൽ ചെന്ന് ശബരിമലയുടെ പേരിൽ പച്ചക്കള്ളം പറയുകയാണെന്നും പിണറായി ആരോപിച്ചു.
ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരെല്ലാം സ്വന്തം സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്നാണ് മോദി പറയേണ്ടിയിരുന്നത്. ഇപ്പോൾ അമിത് ഷാ തള്ളിപ്പറഞ്ഞ മുസ്‌ലിം ലീഗുമായി പണ്ട് കോ - ലീ - ബി സഖ്യം ഉണ്ടാക്കിയത് മറക്കരുത്. സംസ്ഥാനത്ത് ഇപ്പോഴും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുണ്ട്. ഒരു സ്ഥാനാർത്ഥി താൻ ജയിച്ചാൽ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. ഇയാൾ ജയിച്ചാൽ കോൺഗ്രസിൽ തന്നെ നിൽക്കുമെന്ന് അയാൾക്ക് തന്നെ ഉറപ്പില്ല. എന്തൊരു ഗതികേടാണിത്. 2004ൽ 18 സീറ്റ് കിട്ടിയത് പോലെ ഇത്തവണയും ഇടതുപക്ഷത്തിന് മികച്ച നേട്ടമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.