കോട്ടയം : കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് കെ.എം.മാണി അന്തരിച്ച ദിവസം കോട്ടയം നഗരത്തിൽ പൊലീസ് ഗതാഗത ക്രമീകരണം നടത്തിയിരുന്നു. എന്നാൽ ഇതിനെയൊന്നും വകവയ്ക്കാതെ വാഹനത്തിൽ എത്തിയ യുവാവിനെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് യുവാവ് പൊലീസിനോട് അപമര്യാദയോടെ സംസാരിച്ചതോടെ വാഹനത്തിന്റെ താക്കോൽ ഊരാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ റോഡിലിറങ്ങിയ യുവാവ് താൻ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയുടെ യുവ ജനവിഭാഗത്തിന്റെ കേരളഘടകത്തിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് പൊലീസിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമായ അസഭ്യ വർഷം നടത്തി . ലൈവിൽ താൻ പി.സി.ജോർജ്ജിന്റെ ബന്ധുവാണെന്നും അദ്ദേഹത്തിന്റെ ഭാഷയിൽ സംസാരിക്കാനറിയാമെന്നും ഫേസ്ബുക്ക് ലൈവിൽ യുവാവ് അവകാശപ്പെടുന്നുണ്ട്. തനിക്കെന്തിങ്കിലും സംഭവിച്ചാൽ ഡൽഹിയിൽ ചോദിക്കാനാളുണ്ട്, കൂടാതെ പൊലീസിന്റെ തൊപ്പി തെറുപ്പിക്കും എന്ന തരത്തിലും ഭീഷണി ഉയർത്തുന്നുണ്ട്.
എന്നാൽ തുടർന്ന് പൊലീസിനെതിരെ തെറിവിളി നീണ്ടതോടെ നാട്ടുകാർ ചുറ്റം കൂടുകയും യുവാവിനെ അവിടെ നിന്നും ഓടിച്ച് വിടുകയുമായിരുന്നു. നാട്ടുകാർ ഇയാളെ ഓടിച്ച് വിടുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതേ സമയം ഇയാൾ പി.സി.ജോർജ്ജിന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ടത് കളവാണെന്നും ഇങ്ങനെ ഒരു ബന്ധുവില്ലെന്നും പി.സി.ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ് പറഞ്ഞു.