india

ജോധ്പൂർ: രാജസ്ഥാനിൽ റാമനവമി റാലിക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പ്രദേശത്ത് ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ തുടരുന്നു. അക്രമാസക്തരായ ജനങ്ങൾക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

ജോധ്പൂരിലെ സൂർസാഗറിലൂടെ റാമനവമി റാലി കടന്നു പോകവേ ഒരു കൂട്ടം ആളുകൾ റാലിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്നുണ്ടായ ലഹളയിൽ ആക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും വീടുകൾ നശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ചെറിയ തോതിൽ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് നിരുത്തരവാദിത്തപരമായി പെരുമാറിയെന്നും പ്രദേശവാസികൾ പറഞ്ഞു.

ശനിയാഴ്ച ഒരു ഹിന്ദു കുടുംബത്തെ ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് ഹിന്ദു -മുസ്ലീം വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് സഹായം ലഭ്യമായില്ലെന്ന് ആക്രമിക്കപ്പെട്ട കുടുംബം ആരോപിച്ചു. എന്നാൽ റാമനവമി റാലി കടന്നു പോയത് കൊണ്ടാണ് കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്താൻ കഴിയാതിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആഹ്വാനം ചെയ്തു. ആക്രമണങ്ങളെത്തുടർന്ന് കസ്റ്റ‌ഡിയിൽ എടുത്തവരെ വെറുതെ വിടണം എന്നാവശ്യപ്പെട്ട് കേന്ദ്ര കാർഷിക സഹമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജോധ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ധർണ ആരംഭിച്ചു. പൊലീസിന് പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും ഷെഖാവത്ത് ആരോപിച്ചു.