മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് കവിയൂർ പൊന്നമ്മ. കൗമുദി ടി.വിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് അവർ. കുഞ്ഞായിരിക്കുമ്പോൾ സുരേഷ് ഗോപിയെ താൻ എടുത്തുകൊണ്ട് നടന്നിട്ടുണ്ടെന്നും താരവുമായുള്ള തന്റെ പരിചയം അന്ന് മുതൽക്കേയുള്ളതാണെന്നും അവർ പറയുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ തനി സാധാരണക്കാരനായ ഒരാളായിട്ടാണ് കാണാറുള്ളതെന്നും കവിയൂർ പൊന്നമ്മ അഭിപ്രായപ്പെടുന്നു. അഭിമുഖത്തിൽ ഒറ്റപ്പാലത്തെ സിനിമ ഷൂട്ടിംഗിനിടയിൽ നടന്ന ഒരു സംഭവവും അവർ ഓർത്തെടുത്തു സിനിമ ലൊക്കേഷനിലെ കാഴ്ച കാണാൻ ഒരു നാല് വയസുകാരനായ ബാലനെത്തിയെന്നും, ഏറെ നേരമായി അവിടത്തെ കാഴ്ചകൾ സശ്രദ്ധം അവൻ നോക്കി നിന്നപ്പോൾ താൻ അടുത്ത് വിളിച്ച് മലയാള സിനിമയിൽ മോഹൻലാലിനെയാണോ മമ്മൂട്ടിയേയാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ എനിച്ച് ഇഷ്ടം സുടേഷ് ഗോപിയേയാണ് എന്നാണ് അവൻ അഭിമാനത്തോടെ മറുപടി പറഞ്ഞതെന്നും കവിയൂർ പൊന്നമ്മ ഓർത്തെടുക്കുന്നു.