telengana

ഹൈദരാബാദ്: വോട്ട് രേഖപ്പെടുത്തിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിൽ അനധികൃതമായി കടന്ന് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ടി.ആർ.എസ്. പ്രവർത്തകൻ അറസ്റ്റിൽ. മൽഖജ്ഗിരി ലോക്‌സഭ മണ്ഡലത്തിലെ ടി.ആർ.എസ്. സ്ഥാനാർത്ഥി മാരി രാജശേഖർ റെഡ്ഡിയുടെ പോളിംഗ് ഏജന്റായ എൻ. വെങ്കിടേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിറ്റിംഗ് എം.പി. മല്ല റെഡ്ഡിയുടെ മരുമകനും ടി.ആർ.എസ്. സ്ഥാനാർത്ഥിയുമായ മാരി രാജശേഖർ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ സജീവപ്രവർത്തകനായ വെങ്കിടേഷ് വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോഗ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് ചിത്രം പകർത്തിയത്. ബോഗാറാമിലെ ഹോളി മേരി കോളേജിലായിരുന്നു യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. തുടർന്ന് തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ അതിക്രമിച്ച് കടന്നതിനും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കടക്കുന്നതും ചിത്രങ്ങളെടുക്കുന്നതും നിയമ വിരുദ്ധമാണ്. പൊലീസ് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കും മാത്രമേ ഇതിനുള്ള അനുവാദമുള്ളൂ.