ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് ഓരോ മണ്‌ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. ഒരു മണ്ഡലത്തിൽ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകൾ മാത്രം എണ്ണണമെന്ന സുപ്രീം കോടതി ഉത്തരവിൽ തങ്ങൾക്ക് തൃപ്‌തിയില്ല. ഫലപ്രഖ്യാപനം വൈകുമെനന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
നേരത്തെ പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നത്. വലിയതോതിൽ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നതിനാൽ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന 21 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
വിവിപാറ്റ്
ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർക്ക് പരിശോധിച്ച് ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്).