കുളിക്കാനോ താടിവടിക്കാനോ തയ്യാറാകാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശി 23കാരിയാണ് വിചിത്രമായ കാരണവുമായി കുടുംബകോടതിയിൽ എത്തിയത്. കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികളോട് ആറ് മാസം പിരിഞ്ഞ് താമസിക്കാനും അതിന് ശേഷം വിവാഹമോചനം ആവശ്യമാണെങ്കിൽ നൽകാമെന്നുമാണ് യുവതിയുടെ ആവശ്യത്തോട് ജഡ്‌ജി ആർ.എൻ.ചന്ദ് നിർദ്ദേശിച്ചത്. യുവതിയും ഭർത്താവും പരസ്പര ധാരണയോടെ പിരിയാൻ സമ്മതം അറിയിച്ചെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഒരാഴ്‌ചയിൽ കൂടുതൽ തന്റെ ഭർത്താവ് കുളിക്കുകയോ താടി വടിക്കുകയോ ചെയ്യാറില്ലെന്ന് യുവതി തന്റെ പരാതിയിൽ പറയുന്നു. കുളിക്കാൻ പറഞ്ഞാൽ പെർഫ്യൂം പുരട്ടുകയാണ് ഭർത്താവിന്റെ ശീലം. സഹികെട്ടതോടെയാണ് യുവതി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. യുവാവ് സിന്ധിയും പെൺകുട്ടി ബ്രാഹ്മണ സമുദായാംഗവുമാണ്. സ്വന്തം സമുദായത്തിൽ നിന്ന് അനുയോജ്യമായ ബന്ധം കണ്ടെത്താനാവാതെ വന്നതോടെയാണ് ഭോപ്പാലിൽ കട നടത്തുന്ന യുവാവ് ഇതര സമുദായാംഗമായ യുവതിയെ വിവാഹം ചെയ്‌തത്. ഇവർക്ക് കുട്ടികളില്ല. ദമ്പതികളെ അനുനയിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
2016ൽ ഉത്തർപ്രദേശിലെ മീറത്തുകാരനും സമാനമായ ഒരു പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. താടി വടിക്കാൻ ഭാര്യ തന്നെ നിർബന്ധിക്കുകയാണെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കാട്ടിയായിരുന്നു യുവാവിന്റെ പരാതി.