ന്യൂഡൽഹി: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറിൽ എത്തിയ പെട്ടിയിൽ എന്താണെന്ന് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗുരുതരമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മോദിയുടെ ഹെലികോപ്റ്ററിൽ നിന്ന് ഒരു പെട്ടി പ്രത്യേകമായി കുറച്ച് പേർ ചേർന്ന് സമീപത്ത് പാർക്ക് ചെയ്‌ത ഒരു ഇന്നോവയിലേയ്ക്ക് മാറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇന്നോവ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല.
കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ടാഗ് ചെയ്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു വീഡിയോ ട്വീറ്റ് ചെയ്‌തിരുന്നു. "ദുരൂഹമായ തരത്തിൽ ഒരു പെട്ടി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്ന് ചിത്രദുർഗയിൽ ഇറക്കിയിട്ടുണ്ട്. ഇത് ഒരു സ്വകാര്യ ഇന്നോവയിൽ വേഗം കൊണ്ടുപോയി. ഈ പെട്ടിയിൽ എന്താണ് ഉള്ളത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണ"മെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഇലക്ട്രൽ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ രംഗത്തെത്തി. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റിൽ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്നും ആനന്ദ് ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു