modi

കത്വ: രാജ്യത്ത് ശക്തമായ ബി.ജെ.പി അനുകൂല തരംഗമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സീറ്റുകളിൽ പാർട്ടി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാലിയൻ വാലാബാഗ് അനുസ്‌മരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അസാന്നിധ്യം കോൺഗ്രസിന്റെ ഇരട്ട നിലപാടുകളുടെ ഉദാഹരണമാണ്. കാശ്‌മീർ താഴ്‌വരയിൽ നിന്നും കാശ്‌മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യുന്നത് കോൺഗ്രസിന്റെ വികലമായ നയങ്ങളുടെ ഫലമാണെന്നും മോദി വിമർശിച്ചു. ജമ്മുകാശ്‌മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്‌മീരി പണ്ഡിറ്റുകൾ താഴ്‌‌വരയിൽ നിന്നും പാലായനം ചെയ്യുന്നത് കാലാകാലങ്ങളായി കോൺഗ്രസ് തുടർന്ന് പോരുന്ന നയങ്ങളുടെ ഫലമാണ്. കാശ്‌മീരി പണ്ഡിറ്റുകൾക്ക് സ്വന്തം താമസസ്ഥലങ്ങളിൽ തന്നെ സ്വസ്ഥമായി താമസിക്കാൻ അവസരം ഒരുക്കുമെന്നും മോദി പറഞ്ഞു. പുൽവാമ ആക്രമണത്തിന് പ്രതികാരമായി ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തെ കോൺഗ്രസ് ഇപ്പോഴും വിശ്വാസിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ സുരക്ഷാ സേനയെ വിശ്വാസത്തിലെടുക്കാൻ ഇതുവരെയും കോൺഗ്രസ് തയ്യാറായിട്ടില്ല. ഇന്ത്യൻ സേന നടത്തുന്ന പ്രത്യാക്രമണങ്ങളെ ചോദ്യം ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജാലിയൻ വാലാബാഗ് വിവാദം

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അനുസ്‌മരണ യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി പങ്കെടുക്കാത്തത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തേക്കാൾ നെഹ്‌റു കുടുംബത്തിന് വില കൽപ്പിക്കുന്നത് കൊണ്ടാണ് മുൻ സൈനികൻ കൂടിയായ അമരീന്ദർ സിംഗ് ചടങ്ങിന് എത്താത്തത്. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് അദ്ദേഹം ബഹിഷ്‌ക്കരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. നെഹ്‌റു കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് അമരീന്ദർ ചടങ്ങിനെത്താത്തതെന്നും മോദി ആരോപിച്ചു.

എന്നാൽ ഇതിന് ശക്തമായ മറുപടിയുമായി അമരീന്ദർ സിംഗ് രംഗത്തെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരു അദ്ധ്യായത്തെ വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി മോദി ഉപയോഗിച്ചത് മോശമായെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാർ നടത്തിയ അനുസ്‌മരണ സമ്മേളനത്തിന് ബദലായി കേന്ദ്രസർക്കാർ എന്തിനാണ് ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Shocked by your remarks in Kathua on Jallianwala Bagh @narendramodi ji. You used a somber occasion to play dirty politics, conveniently ignoring your own government’s decision to hold a parallel event instead of extending support to my govt, which we’d been requesting for 2 yrs.

— Capt.Amarinder Singh (@capt_amarinder) April 14, 2019