shashi-tharoor
തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണത്തിൽ വീഴ്‌ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലയിലെ മൂന്ന് കോൺഗ്രസ് നേതാക്കന്മാർക്ക് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. തരൂരിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷൻ വി.എസ്.ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് നേരിട്ട് കണ്ടാണ് മുന്നറിയിപ്പ് നൽകിയത്. പ്രചാരണത്തിൽ വിട്ടുവീഴ്‌ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തരൂരിന് വേണ്ട പിന്തുണ നൽകാമെന്നും പ്രചാരണത്തിൽ വീഴ്‌ചയുണ്ടാകില്ലെന്നും ഇവർ ഹൈക്കമാൻഡിന് ഉറപ്പ് നൽകിയതായും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം,​ മണ്ഡലത്തിൽ എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ നിയമിച്ചത് പരാതിയുടെ അടിസ്ഥാനത്തിലല്ലെന്ന് മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി. ശശി തരൂരിന് പൂർണ തൃപ്തിയുണ്ട്. നിരീക്ഷകരെ നിയമിച്ചത് പരാതിയുടെ അടിസ്ഥാനത്തിലല്ല. ഏകോപനത്തിന് വേണ്ടിയാണെന്നും മുകുൾ വാസ്നിക് പറഞ്ഞു. തരൂരിന്റെ പ്രചാരണം വിലയിരുത്താൻ ഇന്ന് പാർട്ടി ആസ്ഥാനത്ത് അവലോകന യോഗം ചേർന്നിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,​ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,​ മുകുൾ വാസ്‌നിക് എന്നിവർ മണ്ഡലത്തിലെ പ്രചാരണങ്ങളുടെ ചുമതല വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണങ്ങളുടെ ഭാഗമാകും.

തിരുവനന്തപുരത്തെ പ്രചാരണത്തിന് മുതിർന്ന നേതാക്കൾ എത്തുന്നില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നില്ലെന്നും ശശി തരൂർ ഹൈക്കമാൻഡിന് പരാതി നൽകിയെന്ന വാർത്തയാണ് വിവാദങ്ങളുണ്ടാക്കിയത്. മുതിർന്ന നേതാക്കൾ സഹകരിക്കുന്നില്ലെന്ന് കാട്ടി ഡി.സി.സി സെക്രട്ടറി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചതോടെ വിവാദം കൊഴുത്തു. തരൂരിനെ പരാജയപ്പെടുത്താൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങളും ആരോപിച്ചു. ഇതിന് പിന്നാലെ തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി ആരോപിച്ച് തരൂരിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷൻ വി.എസ്.ശിവകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലക്കാരനായി മുതിർന്ന നേതാവ് നാനാ പട്ടോളെയെ കോൺഗ്രസ് നിയമിക്കുകയും ചെയ്‌തു.