election-2019

എന്തിനും നമുക്കു പരതാൻ ഒരിടമുണ്ടല്ലോ: ഗൂഗിൾ! പഴയ ചമ്പൽ കൊള്ളക്കാരി ഫൂലൻ ദേവിയെ വിക്കിപീഡിയയിൽ ഒന്നു തപ്പിനോക്കൂ. പ്രൊഫഷൻ: ഡക്കോയിറ്റ് ആൻഡ് പൊളിറ്റീഷ്യൻ. കൊള്ളക്കാരിയിൽ നിന്ന് രാഷ്‌ട്രീയക്കാരിയിലേക്ക് പരിവർത്തിതയായ ഫൂലൻദേവി രണ്ടു തവണ പാർലമെന്റ് അംഗമായിരുന്ന ചരിത്രമുണ്ട്, നമ്മുടെ ജനാധിപത്യത്തിൽ. ആ ചരിത്രത്തിന്റെ തുടർച്ച പോലെ, ഇതാ ഫൂലൻദേവിയുടെ ഭർത്താവ് ഉമൈദ് സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയായി യു.പിയിലെ അംബേദ്കർ നഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു.

ഉമൈദ്സിംഗ് മത്സരിക്കുന്നത് ഇതാദ്യമല്ല. യു.പിയിലെ ഷാജഹാൻപൂരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ 2004-ലും 2009-ലും ഉമൈദ് മത്സരിച്ചിരുന്നു. 2009-ൽ എസ്.പി, ബി.എസ്.പി, ബി.ജെ.പി കക്ഷികൾക്കു പിന്നിൽ നാലാം സ്ഥാനം. 2014 ആയപ്പോഴേക്കും ഉമൈദ്സിംഗ് ബി.എസ്.പിയിലേക്കു മാറി. മത്സരം ഷാജഹാൻപൂരിൽ നിന്നു തന്നെ. 2.89 ലക്ഷത്തോളം വോട്ടുമായി അന്ന് ബി.ജെ.പിക്കു പിന്നിൽ രണ്ടാം സ്ഥാനം.

2017-ൽ യു.പി നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഉമൈദിന് വീണ്ടും മനംമാറ്റമുണ്ടായത്. തിരിച്ച് വീണ്ടും കോൺഗ്രസിലേക്ക്. സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും ആശീർവാദത്തോടെ ആയിരുന്നു പുനപ്രവേശം. ശനിയാഴ്‌ച, യു.പിയുടെ ഒൻപതു കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച കൂട്ടത്തിലാണ് ഉമൈദ്സിംഗിനും ഇത്തവണ സീറ്റ് അനുവദിച്ചുകിട്ടിയത്. മണ്ഡലം: അംബേദ്കർ നഗർ.

ബി.ജെ.പിയുടെ ഹരി ഓം പാണ്ഡെ 1.39 ലക്ഷം വോട്ടിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലമാണ് അംബേദ്‌കർ നഗർ. കോൺഗ്രസ് സ്ഥാനാ‌ർത്ഥിയായിരുന്ന അശോക് സിംഗിനു കിട്ടിയത് വെറും 22,775 വോട്ട്. സ്ഥാനം നാലാമത്.

ചമ്പൽക്കൊള്ളക്കാരി ഫൂലൻദേവി പൊലീസിനു കീഴടങ്ങിയത് 1983-ലാണ്. അന്ന് ഫൂലന്റെ പേരിലുണ്ടായിരുന്നത് കൊലയും കൊള്ളയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ 48 കേസുകൾ. വിവിധ കേസുകളിൽ ശിക്ഷയും വിചാരണയുമായി അടുത്ത പതിനൊന്നു വർഷം ജയിലിൽ.

1994-ൽ മുലായംസിംഗ് യാദവ് സർക്കാരാണ് കേസുകളെല്ലാം പിൻവലിച്ച് ഫൂലനെ ജയിൽമോചിതയാക്കിയത്. ആ നന്ദി ഫൂലൻ മറന്നില്ല. സമാജ്‌വാദി പാർട്ടിയുടെ സജീവ പ്രവർത്തകയായി മാറിയ ഫൂലൻ 1996-ലെ തിരഞ്ഞെടുപ്പിൽ മിർസാപൂരിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥിയായി. എം.പിയായി. 98-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 99-ൽ മിർസാപൂരിൽ നിന്നു തന്നെ വീണ്ടും ജനവിധി തേടിയ ഫൂലൻ വിജയംകണ്ടു. അവിടെ സിറ്റിംഗ് എം.പി ആയിരിക്കെയായിരുന്നു മരണം. മുപ്പത്തിയേഴാം വയസ്സിൽ, 2001 ജൂലായ് 26-ന് ന്യൂ‌ഡൽഹിയിലെ എം.പി ബംഗ്ളാവിനു മുന്നിൽ വച്ച് ഗുണ്ടാസംഘം ഫൂലനെ വെടിവച്ചുകൊന്നു. 1994-ൽ ഫൂലൻദേവി ജയിൽമോചിതയായ കാലത്താണ്, ഫൂലന്റെ ജീവിതം ആധാരമാക്കി ശേഖ‌ർ കപൂർ സംവിധാനം ചെയ്‌ത ബാൻഡിറ്റ് ക്വീൻ എന്ന സിനിമയിറങ്ങിയത്. സീമാ ബിശ്വാസ് ആയിരുന്നു ഫൂലന്റെ വേഷത്തിൽ. ഫൂലന്റെ വേഷം അവിസ്‌മരണീയമാക്കിയ സീമാ ബിശ്വാസിന് അന്ന് ദേശീയ പുരസ്‌കാരവും ലഭിച്ചു.

വിക്കിപീഡിയയിൽ നിന്ന്: ഫൂലൻദേവിയുടെ ഭർത്താക്കന്മാർ: പുട്ടിലാൽ മല്ല, ഉമൈദ് സിംഗ്.

ഡൊമസ്റ്റിക് പാർട്‌ണേഴ്സ്: വിക്രം മല്ല, മാൻസിംഗ്.... പിന്നെ, മറ്റു കൊള്ളക്കാരും!