പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ് ശബരിമല മുൻ മേൽശാന്തിയും അടുത്ത സുഹൃത്തുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിച്ചു. തുടർന്ന് അദ്ദേഹത്തിൽ നിന്ന് വിഷുക്കെെനീട്ടവും സ്വീകരിച്ചു. സംഭാരവും അടയും അപ്പവുമായാണ് അദ്ദേഹം സ്വീകരിച്ചത്. ഫേസ്ബുക്കിലാണ് എം.ബി രാജേഷ് ഇക്കാര്യം പങ്കുവച്ചത്. "പൊന്നാടക്ക് പുറമെ ഒരു മുണ്ടും ഒരുകൈക്കുമ്പിൾ നിറയെ നാണയത്തുട്ടുകളും എനിക്ക് വിഷുക്കൈനീട്ടമായി അദ്ദേഹം സമ്മാനിച്ചു. പെരുമാറ്റച്ചട്ടം ഉള്ളതിനാൽ അദ്ദേഹത്തിന് വിഷുക്കൈനീട്ടം നൽകാനായില്ല"- രാജേഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുഹൃത്തും ശബരിമല മുൻ മേൽശാന്തിയുമായ തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ചെർപ്പുളശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ചെർപ്പുളശ്ശേരിക്കടുത്ത് കാറൽമണ്ണയിലാണ് എന്റെ അമ്മ വീട്. ഞങ്ങൾ തമ്മിൽ ദീർഘകാലത്തെ ബന്ധമാണുള്ളത്. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചെർപ്പുളശേരി പൗരാവലി അദ്ദേഹത്തിന് ഒരു സ്വീകരണം നൽകാൻ തീരുമാനിക്കുകയുണ്ടായി. ഞാൻ തന്നെ ആ പരിപാടി ഉത്ഘാടനം ചെയ്യാൻ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചത് ഓർക്കുന്നു. എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിക്കാറുള്ളതാണ്.
ഔദ്യോഗികമായ സന്ദർശന പരിപാടികൾ ഇന്നില്ലാത്തതിനാൽ ഈ ദിവസം അതിനായി മാറ്റിവെക്കുകയായിരുന്നു. സംഭാരവും അടയും അ പ്പവുമായാണ് അദ്ദേഹം സ്വീകരിച്ചത്. പൊന്നാടക്ക് പുറമേ ഒരു മുണ്ടും ഒരുകൈക്കുമ്പിൾ നിറയെ നാണയത്തുട്ടുകളും എനിക്ക് വിഷുക്കൈനീട്ടമായി അദ്ദേഹം സമ്മാനിച്ചു. പെരുമാറ്റച്ചട്ടം ഉള്ളതിനാൽ അദ്ദേഹത്തിന് വിഷുക്കൈനീട്ടം നൽകാനായില്ല. അദ്ദേഹത്തിന്റെ പിതാവിനോടും മറ്റു കുടുംബാംഗങ്ങളോടും ഏറെ നേരം സംസാരിച്ചു നിറഞ്ഞ മനസോടെയാണ് അവിടെ നിന്നും ഇറങ്ങിയത്.