ശബരിമല വിഷയത്തെ മുൻനിർത്തി അയ്യപ്പ കർമ്മ സമിതി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നുവെന്ന പരാതിയിൽ ന്യായീകരണവുമായി ദേശീയ വൈസ് പ്രസിഡന്റ് ടി പി സെൻകുമാർ രംഗത്തെത്തി. ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടി കർമ്മ സമിതി നടത്തുന്ന പ്രചരണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് സെൻകുമാർ നിലപാട് വ്യക്തമാക്കിയത്.
അയ്യപ്പ കർമ്മ സമിതിക്ക് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കാനാകില്ലെങ്കിൽ മുസ്ലീം ലീഗിന് ആ പാർട്ടിയുടെ പേരിൽ മത്സരിക്കാനും കഴിയില്ലെന്ന് ടി.പി സെൻകുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ കോൺഗ്രസ് സഖ്യകക്ഷിയായ മുസ്ലീം ലീഗിനെ വർഗ്ഗീയ പാർട്ടിയായി മുദ്രകുത്തിയ ബി.ജെ.പിയുടെ പ്രചരണത്തിന്റെ തുടർച്ചയായിട്ടായിരുന്നു സെൻകുമാറിന്റെ പ്രസ്താവന. കർമ്മ സമിതി സ്ഥാപിച്ച ബോർഡുകൾ നീക്കിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''കോൺഗ്രസ് ശബരിമല വിഷയത്തിൽ കർമ്മ സമിതിയെ സഹായിച്ചിട്ടില്ല. അതുകൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കർമ്മ സമിതി അംഗങ്ങളും ഭക്തരും വോട്ട് ചെയ്യില്ല. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കൂടെ നിന്നവർക്കാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. ശബരിമല വിഷയം വോട്ട് തേടരുതെന്നത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഗ്രഹമാണ്. ശബരിമലയിൽ പിണറായി വിജയൻ സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങൾ വോട്ടർമാരോട് പറയും. ശുഹൈബിന്റെയും കൃപേഷിന്റെയും കൊലപാതകം ചർച്ച ചെയ്യുന്നത് പോലെയാണ് ശബരിമല വിഷയവും. മതവും വിശ്വാസവും ഉപയോഗിച്ച് വോട്ട് ചോദിക്കാൻ പറ്റില്ലെങ്കിൽ മുസ്ലിം ലീഗിന് ആ പേരിൽ മത്സരിക്കാൻ കഴിയില്ല. രാഹുൽ ഗാന്ധി വയനാട്ടില്‍ സ്ഥാനാർത്ഥിയാകാനും പാടില്ല . ഗുരുവായൂരപ്പനും നബിക്കും അല്ലാഹുവിനും ക്രിസ്തുവിനും വേണ്ടി ചോദിക്കാനാകില്ലെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ശബരിമല ഇഷ്യൂ അവിടെ നിൽക്കുന്നുണ്ട് ആ ഇഷ്യുവിനെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. ഒരു ദൈവത്തിന്റെ പേരിൽ ആർക്കും വോട്ട് പിടിക്കാനോ വോട്ട് ചെയ്യാനുമാകില്ല, അതേ സമയം ഗവൺമെന്റ് ശബരിമലയിൽ ചെയ്ത കാര്യങ്ങൾ തെറ്റായിരുന്നുവെന്നും എന്തൊക്കെയായിരുന്നു തെറ്റെന്നും എന്തുകൊണ്ട് അത് അവസാനിപ്പിക്കണമെന്നും കൃത്യമായി പറയും. പ്രശ്‌നം വരുമ്പോൾ നോക്കാം. ഒരു സൈഡിൽ നിന്ന് വരുമ്പോൾ മാത്രമെന്താണ് ബുദ്ധിമുട്ടുണ്ടാകുന്നത്''. - സെൻകുമാർ പറഞ്ഞു.