മംഗളൂരു : നരേന്ദ്ര മോദിയുടെ പാർട്ടിക്കായി വോട്ട് രേഖപ്പെടുത്താൻ പ്രവാസിയായ നാൽപ്പത്തിയൊന്ന്കാരൻ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുന്നു. സിഡ്നി വിമാനത്താവളത്തിൽ സ്‌ക്രീനിംഗ് ഓഫീസറായി ജോലി നോക്കുന്ന മംഗളൂരു സ്വദേശി സുധീന്ദ്ര ഹെബ്ബാറാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യാനായി ജോലി കളയാൻ തീരുമാനിച്ചത്. വോട്ടിംഗ് നടക്കുന്ന ദിവസം അവധി എടുത്ത് നാട്ടിൽ വരാനാണ് ഇയാൾ തീരുമാനിച്ചത് എന്നാൽ ഈസ്റ്ററും റമദാനും ആയതിനാൽ യാത്രചെയ്യുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കമ്പനി അവധി നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് വോട്ടാണ് വലുത് ജോലിയല്ലെന്ന തിരിച്ചറിവിൽ ജോലി കളയാൻ ഇദ്ദേഹം തീരുമാനിച്ചത്.
വിദേശത്ത് പാകിസ്ഥാനികളടക്കമുള്ള സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ അവർ ഇന്ത്യയ്ക്ക് മികച്ച ഭാവിയാണുള്ളതെന്ന് പറയാറുണ്ടെന്നും അവരുടെ വാക്കുകൾ കേൾക്കുമ്പോൾ അതിയായ അഭിമാനമാണ് തനിക്ക് തോന്നാറുള്ളതെന്നും സുധീന്ദ്ര പറയുന്നു. ഇത്തരത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആയതിനാൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്നും സുധീന്ദ്ര കരുതുന്നു. ഇനി ജോലി നഷ്ടപ്പെട്ടത് ചോദിച്ചാൽ ജോലിയൊക്കെ ഇനിയും കിട്ടുമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലും കഴിഞ്ഞ ശേഷമേ തിരികെ സിഡ്നിയിലേക്കുള്ളുവെന്നും സുധീന്ദ്ര അഭിപ്രയാപ്പെടുന്നു.