കത്വ: അബ്ദുള്ളമാരുടെയും മുഫ്തിമാരുടെയും കുടുംബങ്ങൾ കാശ്മീരിന്റെ മൂന്ന് തലമുറകളെ നശിപ്പിച്ചുവെന്നും ഇനിയും ഇന്ത്യയെ വിഭജിക്കാൻ അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജമ്മുകാശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന് പ്രേത്യകം പ്രധാനമന്ത്രി വേണമെന്ന നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയുടെ ആവശ്യം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
സംസ്ഥാനത്തുനിന്ന് കാശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യുന്നതിൽ കോൺഗ്രസിനെയും മോദി കുറ്റപ്പെടുത്തി. പണ്ഡിറ്റുകൾ ഇവിടംവിട്ടുപോകാതിരിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസിന്റെ നയങ്ങൾ മൂലമാണ് അവർക്ക് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്നത്. പണ്ഡിറ്റുകളെ പീഡിപ്പിച്ചവരുടെ വോട്ടുബാങ്കുകളിലാണ് കോൺഗ്രസിനും അവരുടെ സുഹൃത്തുക്കൾക്കും ആശങ്ക. ജമ്മുവിലെയും ബാരാമുള്ളയിലെയും ഉയർന്ന പോളിംഗ് ശതമാനം ഭീകരവാദികൾക്കും അവസരവാദികൾക്കുമുള്ള ഇവിടത്തെ ജനങ്ങളുടെ മറുപടിയാണെന്നും മോദി കത്വയിൽ പറഞ്ഞു.ജാലിയൻവാലാ ബാഗ് രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങിൽനിന്ന് പഞ്ചാബ് മുഖ്യമന്ത്രി കാപ്ടൻ അമരീന്ദർ സിംഗ് വിട്ടുനിന്നതിനെയും മോദി വിമർശിച്ചു. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽനിന്ന് അദ്ദേഹം വിട്ടുനിന്നു. എന്താണ് കാരണമെന്ന് അറിയുമോ? അദ്ദേഹം കോൺഗ്രസ് കുടുംബ ഭക്തിയുമായി തിരക്കിലാണെന്നും മോദി ആരോപിച്ചു.
''കാശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതേ പാർട്ടികളുമായി സഖ്യമുണ്ടാക്കാനായി ദൂതന്മാരെ അയയ്ക്കും. ഇതൊക്കെ എന്തിന് വേണ്ടിയാണ്. മോദിയുടെ കാട്ടിക്കൂട്ടലുകളൊക്കെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാപട്യമാണ്."-
മെഹബൂബ മുഫ്തി
''2014 ൽ ഞങ്ങൾ രണ്ടു കുടുംബങ്ങളെയും ജമ്മു കാശ്മീരിൽ നിന്ന് തുരത്തുമെന്ന് മോദി പറഞ്ഞെങ്കിലും ഒരു കുടുംബത്തെപ്പോലും തുരത്തിയില്ലെന്നു മാത്രമല്ല മുഫ്തി കുടുംബത്തിലെ രണ്ടുപേർ ജമ്മു കാശ്മീരിൽ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇപ്പോൾ 2019ലും മോദി അതുതന്നെയാണ് പറയുന്നത്."-
-ഒമർ അബ്ദുള്ള