mysterious-box

ന്യൂഡൽഹി: കർണാടകത്തിൽ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്‌ടറിൽ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. മോദിയുടെ ഹെലിക്കോപ്‌ടറിലുണ്ടായിരുന്ന കറുത്ത പെട്ടിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണം. ഇക്കാര്യത്തിൽ കർണാടകയിലെ കോൺഗ്രസ് നേതൃത്വം ഇതിനോടകം തന്നെ പരാതി നൽകിയിട്ടുണ്ട്. എസ്.പി.ജിയുടെ പട്ടികയിൽ ഇല്ലാതിരുന്ന സ്വകാര്യ വാഹനത്തിലേക്ക് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് മാറ്റിയത് എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും ആനന്ദ് ശർമ ആരോപിച്ചു. ഇലക്‌ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ആനന്ദ് ശർമ്മ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു.

കർണാടകയിലെ ചിത്രദുർഗയിൽ തിരഞ്ഞെടുപ്പ് റാലിക്കായി മോദി എത്തിയതിന് പിന്നാലെയുള്ള ചില ദൃശ്യങ്ങളാണ് വിവാദമായത്. ഹെലികോപ്ടറിൽ എത്തിച്ച പെട്ടി സ്വകാര്യ ഇന്നോവ കാറിൽ കടത്തുകയായിരുന്നു. കർണാടകയിലെ യുവ കോൺഗ്രസ് നേതാവ് ശ്രീവാസ്തവ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു.