തിരുവനന്തപുരം:സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരപ്പോലെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പോസ്റ്റൽ വോട്ടുചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സർക്കുലറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൊലീസുകാരന്റെയും സർവവിവരങ്ങളും ശേഖരിച്ച് സി.പി.എം ഓഫീസിലെത്തിക്കുന്ന പോസ്റ്റുമാന്റെ പണിയാണ് ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പോലീസിന് അപമാനമാണ്. ഡി.ജി.പി ഇറക്കിയ സർക്കുലറിന് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. സർക്കുലർ എത്രയും വേഗം പിൻവലിക്കണം. മുല്ലപ്പള്ളി ആവശ്യപ്പെട്ടു.