isis

ലണ്ടൻ:യൂറോപ്പിലും പശ്‌ചിമേഷ്യയിലും വൻ ഭീകരാക്രമണങ്ങൾക്ക് ഐസിസ് പദ്ധതിയിടുന്നതായി ബ്രിട്ടീഷ് പത്രമായ സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്‌തു. പാരീസിൽ 2015 നവംബറിൽ 130 പേരെ കൂട്ടക്കൊല ചെയ്‌ത ആക്രമണത്തിന് സമാനമായ ആക്രമണ പരമ്പരയാണ് ഐസിസ് ലക്ഷ്യമിടുന്നത്. പാരീസിലെ റസ്റ്രോറന്റുകളിലും ഫുട്ബാൾ മൈതാനത്തും സംഗീതവേദിയിലുമായാണ് ചാവേറാക്രമണങ്ങളും വെടിവയ്പ്പും നടന്നത്.

യൂറോപ്പിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഐസിസ് തലവന്മാർ പണം മുടക്കുന്ന നിരവധി ഭീകരാക്രമണങ്ങൾ നടക്കുമെന്ന് തെളിവുകൾ സഹിതമാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിറിയയിലെ യുദ്ധഭൂമിയിൽ ഈ വർഷമാദ്യം കണ്ടെത്തിയ ഹാർഡ് ഡ്രൈവിൽ നിന്നാണ് ആക്രമണ പദ്ധതിയുടെ വിവരം കിട്ടിയത്. വാഹനങ്ങൾ ഇടിച്ചുകയറ്റിയുള്ള ആക്രമങ്ങൾക്കും പദ്ധതിയുണ്ട്. സിറിയയിൽ വലിയ ശക്തിയായിരുന്ന ഐസിസിനെ അമേരിക്കയും റഷ്യയും ചേർന്ന് തുരത്തിയെങ്കിലും അവരുടെ രഹസ്യ പ്രവർത്തനങ്ങൾ തുടരുന്നതിന്റെ വിവരങ്ങൾ ഹാർഡ് ഡ്രൈവിൽ നിന്ന് കിട്ടിയിട്ടുണ്ട്. ഐസിസിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ വിവരങ്ങളും ഇതിലുണ്ട്. കൂടാതെ അതിർത്തികളിൽ ആസൂത്രണം ചെയ്യുന്ന ആക്രമണപദ്ധതികളുടെയും പണസമാഹരണത്തിന് നടത്തേണ്ട ബാങ്ക് കവർച്ചകളുടെയും കമ്പ്യൂട്ടർ ഹാക്കിംഗ് കൊലപാതകങ്ങൾ തുടങ്ങിയവയുടെയും വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഐസിസിന്റെ പ്രവാചകനെന്ന് അറിയപ്പെടുന്ന അബൂബക്കർ അൽ ബാഗ്ദാദിക്ക് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിലും ആക്രമണ പദ്ധതികളുടെ സൂചനയുണ്ട്. ഐസിസിന്റെ ആറ് നേതാക്കൾ ഒപ്പുവച്ചതാണ് ഈ കത്തിൽ വിദേശത്തും അതിർത്തികളിലുംനടത്തേണ്ട ഓപ്പറേഷനുകളുടെ രൂപരേഖയുണ്ട്. വിദേശത്തെ ഓപ്പറേഷന്റെ ചുമതല അബു ഖബാബ് അൽ - മുജാഹിർ എന്ന ഭീകരനാണ് നൽകിയിരിക്കുന്നത്. മൂന്ന് സെല്ലുകളുടെ ചുമതലയാണ് അയാൾക്ക്. റഷ്യയിൽ ഒന്നും ജർമ്മനിയിൽ രണ്ടും.

പണം കണ്ടെത്തുകയാണ് ഈ സെല്ലുകളുടെ ചുമതല. അതിനായി ബാങ്ക് കവർച്ചകൾ നടത്താനും അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുമുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിർത്തിയിലെ ഓപ്പറേഷനായി സിറിയയിൽ പ്രത്യേക കമാൻഡ് ഉണ്ട്.