rahul-dravid

ബെംഗളൂരു: മുൻ ക്രിക്കറ്റ് താരവും കർണാടകയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറുമായ രാഹുൽ ദ്രാവിഡിന് ലോക്‌സഭാ തി‌രഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയാത്തത്. അശ്വത്ഥ് നഗർ ബാംഗ്ലൂർ നോർത്ത് ലോക്​സഭാ മണ്ഡലത്തിലാണ് അദ്ദേഹം ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്.

മുമ്പ് ദ്രാവിഡ് ബാംഗ്ലൂർ സെൻട്രൽ ലോക്​സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറിൽ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും മാറുകയായിരുന്നു. ശേഷം ദ്രാവിഡിന്റെ സഹോദരൻ പഴയ മണ്ഡലത്തിൽ നിന്നുള്ള വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ പുതിയ മണ്ഡലത്തിൽ പേര് ചേർക്കാനുള്ള ഫോം പൂരിപ്പിച്ച് നൽകിയിട്ടുമില്ല. ഇതോടെയാണ് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത്.

രാഹുൽ നേരിട്ട് ഫോം പൂരിപ്പിച്ച് നൽകിയാൽ മാത്രമേ വോട്ട് ചെയ്യാൻ അവസരം നൽകുകയുള്ളൂ. അധികൃതർ രണ്ട് തവണ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ രൂപ പറഞ്ഞു. കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ രാഹുൽ ജനങ്ങളോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാൻഡ് അംബാസിഡറായ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ പറ്റാത്തത് സോഷ്യൽ മീ‌ഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്.