babu-paul-

പെരുമ്പാവൂർ: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ.ഡി. ബാബുപോളിന്റെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പെരുമ്പാവൂരിലെ കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രലിൽ അമ്മയെ സംസ്കരിച്ചിട്ടുള്ള കുടുംബ കല്ലറയിലാണ് ബാബുപോളും അന്ത്യവിശ്രമം കൊള്ളുന്നത്

ബസേലിയസ് തോമസ് പ്രഥമൻ കാത്തോലിക ബാവയുടെ കാർമികത്വത്തിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. സിവിൽ സർവീസിൽ കേരളം കണ്ട മികച്ച ഭരണാധികാരിയും അറിവിന്റെ ദീപ്തിയിൽ ചിരിയും ചിന്തയും പകർന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രഭാഷകനും ഗ്രന്ഥകാരനും പൊതുമണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ.ഡി.ബാബുപോളിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖ‌‌രും നാട്ടുകാരും അർപ്പിക്കാനെത്തിയിരുന്നു.

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലർച്ചെയാണ് ബാബുപോൾ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ ഒാർഡിറ്റേറുമായിരുന്നു. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം റവന്യൂ തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു.

നവകേരള മിഷനുകളുടെ ഉപദേശകനും കിഫ്ബി ഭരണസമിതി അംഗവുമായിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്.രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ വേദശബ്ദ രത്നാകരം എന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ മുപ്പത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റെയും മകനാണ്. ഭാര്യ: പരേതയായ അന്നബാബു പോൾ (നിർമ്മല). മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി.പോൾ (നിബു). മരുമക്കൾ: സതീഷ് ജോസഫ് (മുൻ ഡി.ജി.പി എം.കെ. ജോസഫിന്റെ മകൻ), ദീപ (മുൻ ഡി.ജി.പി സി.എ. ചാലിയുടെ മകൾ). മുൻ വ്യോമയാന സെക്രട്ടറിയും യു.പി.എസ്.സി അംഗവും ആയിരുന്ന കെ.റോയ് പോൾ സഹോദരനാണ്.