ന്യൂഡൽഹി: ശമ്പളപ്രതിസന്ധിയെത്തുടർന്ന് ജെറ്റ് എയർവേയ്സിലെ ആയിരത്തോളം പൈലറ്റുമാരും എൻജിനിയർമാരും ഇന്നലെ അർദ്ധരാത്രിമുതൽ പണിമുടക്ക് ആരംഭിച്ചു. ജെറ്റ് എയർവേയ്സിലെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാനും ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പൈലറ്റുമാരുടെ സംഘടനയായ നാഷണൽ ഏവിയേറ്റേഴ്‌സ് ഗിൽഡിന്റെ യോഗം ഇന്ന് രാവിലെ ചേരുമെന്ന് സംഘടനാ തലവൻ ക്യാപ്ടൻ കരൺ ചോപ്ര അറിയിച്ചു.
ജെറ്റ് എയർവേയ്സിലെ എൻജിനിയർമാർക്കും പൈലറ്റുമാർക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ല. എന്നിട്ടും കമ്പനിയുടെ ഉദാസീന ഇടപെടലാണ് പണിമുടക്കിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടും- കരൺ ചോപ്ര പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി നിരവധി സർവീസുകൾ ഒഴിവാക്കിയിരുന്നു. ഈയിനത്തിൽ യാത്രക്കാർക്ക് മാത്രം 3500 കോടി രൂപ കമ്പനി നൽകാനുണ്ടെന്നും കമ്പനിയുടെ ആകെ ബാധ്യത 1.2 ബില്യൺ അമേരിക്കൻ ഡോളറാണെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, കുടിശ്ശികകൾ മുടങ്ങിയതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജെറ്റ് എയർവേയ്സിനുള്ള ഇന്ധന വിതരണം കഴിഞ്ഞ ദിവസം നിറുത്തിയിരുന്നു.