പൂനെ: ബി.ജെ.പിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിനിധീകരിക്കുന്നതെന്ന് മുൻ ബി.ജെ.പി നേതാവ് ശത്രുഘ്‌നൻ സിൻഹ.ഒരാൾ ജനാധിപത്യത്തിന്റെയും മറ്റേയാൾ ഏകാധിപത്യത്തിന്റെയും പ്രതീകമാണെന്ന് സിൻഹ പറഞ്ഞു. ബി.ജെ.പി വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് സ്ഥാനാർത്ഥിയായി പട്ന സാഹിബിൽ നിന്നാണ് ജനവിധി തേടുന്നത്. താൻ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും. പട്ന സാഹിബിൽ മോദി എതിരാളിയായി വരണമെന്നാണ് ആഗ്രഹം. മോദിക്കെതിരെ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കേന്ദ്രങ്ങളിൽ നിന്ന് വാരണാസിക്ക് പുറമെ രണ്ടാം മണ്ഡലമായി മോദി പട്ന സാഹിബിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും താൻ വിമർശിക്കുന്നത് അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്നൻ സിൻഹ പറഞ്ഞിരുന്നു. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബി.ജെ.പിയുടെ നയമെന്നും അദ്ദേഹം ആരോപിച്ചു.