തൃശൂർ : ഓർമ്മയുണ്ടോ ഈ മുഖം? തീയേറ്ററുകളെ ആവേശത്തിലാറാടിച്ച ഈ ഡയലോഗ് കേട്ട് കൈയടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.മലയാള സിനിമയിലെ പൊലീസ് സങ്കല്പങ്ങളെ മാറ്റിമറിച്ച് സുരേഷ് ഗോപി ഭരത് ചന്ദ്രൻചന്ദ്രൻ ഐ.പി.എസായി നിറഞ്ഞാടിയ കമ്മീഷണർ എന്ന സൂപ്പർ ഹിറ്റ് സിനിമ പിറന്നിട്ട് ഇരുപത്തഞ്ച് വർഷം പൂർത്തിയായി.
രഞ്ജി പണിക്കർ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച കമ്മീഷണറിന്റെ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം ഒളരി പുല്ലഴിയിലെ സെന്റ് ജോസഫ് ഹോമിൽ നടന്നു. സുരേഷ് ഗോപി ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ എല്ലാ ഡയലോഗുകളും ഹിറ്രായിരുന്നു. മിമിക്രിവേദികളിൽ ഇപ്പോഴും കമ്മീഷണറിലെ ഡയലോഗുകൾ മുഴങ്ങിക്കേൾക്കുന്നുണ്ട്. 1994 ഏപ്രിൽ 14നായിരുന്നു ചിത്രം റീലിസായത്.
ആഘോഷത്തിൽ സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സെക്രട്ടറി ഉല്ലാസ് ബാബു എന്നിവരെ കൂടാതെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ അർജ്ജുൻ, സുരേഷ്, വിഷ്ണു, റെജി, അഖിൽ വിശ്വനാഥ്, അനീജ്, റൊണാൾഡ് എന്നിവരും ഉണ്ടായിരുന്നു. 20 മിനിറ്റോളം സുരേഷ് ഗോപി ഇവിടെ ചെലവഴിച്ചു.