thomas-issaac

കൊല്ലം:ശബരിമലയിലേത് സ്ത്രീപ്രവേശന വിഷയം മാത്രമല്ലെന്നും ഉത്തരേന്ത്യയിലെ പ്രശ്നങ്ങൾക്കു സമാനമായി കേരളത്തിന്റെ നവോത്ഥാന നേട്ടങ്ങൾ‌ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.

പട്ടികജാതി– പട്ടികവർഗ മഹാസഖ്യത്തിന്റെ പ്രഖ്യാപനവും ഡോ.ബി.ആർ. അംബേദ്കറിന്റെ 128–ാം ജയന്തി ആഘോഷവും കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ് കരണം രാജ്യത്തെ പ്രധാനപ്രശ്നമാണ്. ഇടതുപക്ഷമല്ലാതെ മറ്റൊരു പാർട്ടിയും പ്രകടനപത്രികയിൽ ഭൂപരിഷ്‌കരണം ഉൾപ്പെടുത്തിയിട്ടില്ല. ബി.ജെ.പി ഭരണകാലത്താണ് ദളിത് മരണവും പീഡനവും വർദ്ധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തു വലിയ പ്രക്ഷോഭങ്ങൾ രൂപം കൊണ്ടതും ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ മഹാസഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സഖ്യം സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെയ്യാറ്റിൻക്കര സത്യശീലൻ, വർക്കിംഗ് പ്രസിഡന്റുമാരായ അഡ്വ.എ.ശ്രീധരൻ, എം.കെ വാസുദേവൻ, സെക്രട്ടറിമാരായ വി.കെ ഗോപി, ബാബു പട്ടംതുരുത്ത്, ബാബു ചിങ്ങാരത്ത്, എസ്.പി മഞ്ജു, മഞ്ജുഷ സുരേഷ്, വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കളായ റെജി പേരൂർക്കട, രമണി അപ്പുക്കുട്ടൻ, ജി.ശ്രീദാസൻ, മുഖത്തല ഗോപിനാഥൻ, ടി.പി.രാജൻ, ശൂരനാട് അജി, പി.ദേവരാജൻ, സുധീഷ് പയ്യനാട്, സി.കെ.സുന്ദർദാസ്, മിനി.കെ.കെ.വനം, പ്രേംകുമാർ വിളപ്പിൽശാല, സുശീല രാജൻ, ടി.ആർ.വിനോയ് എന്നിവർ പങ്കെടുത്തു.