അലിഗഢ് (യു.പി) : ചായ കച്ചവടക്കാരനായിരുന്ന ഒരാൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞത് ബാബാ സാഹിബ് അംബേദ്കർ രൂപം നൽകിയ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തിൽപ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാനും കർഷക കുടുംബത്തിൽ ജനിച്ചയാൾക്ക് ഉപരാഷ്ട്രപതിയാകാനും കഴിഞ്ഞു. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ശില്പിയായ ബി.ആർ. അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ ഉത്തർപ്രദേശിലെ അലിഗഢിൽ നടന്ന റാലിയിഷ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാനത്തെ 40 സീറ്റുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്ത ഒരു സഖ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മായാവതി നേതൃത്വം നൽകുന്ന ബി.എസ്.പിയും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും ഉൾപ്പെട്ട സംഖ്യം രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല. രാഹുൽഗാന്ധി മത്സരിക്കുന്ന അമേതി, സോണിയാഗാന്ദി മത്സരിക്കുന്ന റായ്ബറേലി മണ്ഡലങ്ങളാണ് കോൺഗ്രസിനുവേണ്ടി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്. ഇത് ഉദ്ദേശിച്ചാണ് മോദിയുടെ പ്രസ്താവന.