ന്യൂഡൽഹി: റിലയൻസ് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 30 കോടി കവിഞ്ഞു. പ്രവർത്തനം ആരംഭിച്ച് രണ്ടരവർഷത്തിനകമാണ് ഈ നേട്ടം ജിയോ കൊയ്‌തത്. ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന് കീഴിലുള്ള ജിയോ, വിപണിയിലെത്തി 170 ദിവസത്തിനകം 10 കോടി ഉപഭോക്താക്കളെ സ്വന്തമാക്കി ലോക റെക്കാഡ് കുറിച്ചിരുന്നു.
2016 സെപ്‌തംബർ അഞ്ചിനാണ്, ഇന്ത്യൻ ടെലികോം വിപണിയിൽ വിപ്ളവം സൃഷ്‌ടിച്ച് ജിയോ പ്രവർത്തനം തുടങ്ങിയത്. ഉപഭോക്താക്കൾക്ക് സൗജന്യ, 4ജി ഡാറ്റയും ഏത് നമ്പറിലേക്കും സൗജന്യ കാളുകളും വാഗ്‌ദാനം ചെയ്‌ത് അവതരിച്ച ജിയോ, മറ്ര് ടെലികോം കമ്പനികളെ വലിയ പ്രവർത്തന നഷ്‌ടത്തിലേക്കാണ് തള്ളിയത്. ഈ പ്രതിസന്ധിയിൽ നിന്ന് ഇനിയും മറ്ര് കമ്പനികൾ കരകയറിയിട്ടില്ല. ജിയോയുടെ വരവ്, ഇന്ത്യയിൽ ഡാറ്റ, കാൾ നിരക്കുകൾ കുത്തനെ കുറയാനും വഴിയൊരുക്കി.
ഈവർഷം മാർച്ച് രണ്ടിനാണ് ജിയോ ഉപഭോക്താക്കളുടെ എണ്ണം 30 കോടി കവിഞ്ഞത്. 34 കോടി ഉപഭോക്താക്കളുള്ള ഭാരതി എയർടെൽ, പ്രവർത്തനം ആരംഭിച്ച് 19-ാമത്തെ വർഷമാണ് 30 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്. 40 കോടി ഉപഭോക്താക്കളുമായി വൊഡാഫോൺ ഐഡിയയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി. എയർടെല്ലിന് പിന്നിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന വൊഡാഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും കഴിഞ്ഞ ആഗസ്‌റ്രിലാണ് ലയിച്ചൊന്നായത്.
മൊബൈൽ വരിക്കാർ
വൊഡാഫോൺ ഐഡിയ - 40 കോടി
ഭാരതി എയർടെൽ - 34 കോടി
റിലയൻസ് ജിയോ - 30 കോടി