terrorist

ന്യൂഡൽഹി: ജമ്മുകാശ്മീരിലെ ലത്പോരയിൽ സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിന് നേരെ 2017ലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ ജയ്ഷെ ഇ മുഹമ്മദ് ഭീകരൻ ഇർഷാദ് അഹമ്മദ് റെഷി അറസ്റ്റിൽ. എൻ.ഐ.എയാണ് കാശ്മീരിലെ പുൽവാമ സ്വദേശിയായ ഇർഷാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കും.

ലത്പോര ആക്രമണത്തിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ ഭീകരനാണ് റെഷി. കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന നിസാർ അഹമ്മദ്, സയിദ് ഹിലാൽ എന്നിവരുടെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് റെഷി അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന റെഷി കൊടുംഭീകരനും ജെയ്‌ഷെ കമാൻഡറുമായ നൂർ മുഹമ്മദ് ത്രാലിയുടെ അടുത്ത അനുയായിയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2017 ഡിസംബറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നൂർ ത്രാലി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബർ 30ന് രാത്രി മൂന്ന് ജെയ്‌ഷെ ഭീകരർ സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിനുനേരെ ആക്രമണം നടത്തിയത്.