ബംഗളുരു: മുൻ ക്രിക്കറ്റ് താരവും കർണ്ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാസിഡറുമായ രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ടില്ല. വോട്ടർ പട്ടികയിൽ സ്ഥലം മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കാൻ വൈകിയതാണ് ദ്രാവിഡിന്റെ വോട്ട് നഷ്‌ടപ്പെടുത്തിയത്. ആ സമയത്ത് വിദേശയാത്രയിലായിരുന്നു ദ്രാവിഡ്.
നേരത്തേ ബംഗളൂരു സെന്റട്രലിലെ ഇന്ദിരാ നഗറിലായിരുന്നു ദ്രാവിഡിന്റെ വോട്ട്. ബംഗളൂരു നോർത്തിൽ ഉൾപ്പെട്ട മല്ലേശ്വരത്തേക്ക് താമസം മാറിയപ്പോൾ പുതിയ സ്ഥലത്ത് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ദ്രാവിഡിന്റെ സഹോദരൻ അപേക്ഷ നൽകിയിരുന്നതുമാണ്.
പക്ഷേ, അതിനു ശേഷം മൂന്നു തവണ അന്വേഷണത്തിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ദ്രാവിഡിന്റെ വീട്ടിലെത്തിയെങ്കിലും ആളുണ്ടായിരുന്നില്ല. പഴയ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തതിനാൽ അവിടെയും വോട്ടു ചെയ്യാനാവില്ല. 18-നാണ് ബംഗളൂരു, സെൻട്രൽ, നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ പോളിംഗ്.