stock

കൊച്ചി: ഏഴ് ആഴ്‌ചക്കാലം നീണ്ട ലാഭയാത്രയ്ക്ക് വിരാമമിട്ടാണ് ഇന്ത്യൻ ഓഹരി സൂചികകൾ കഴിഞ്ഞവാരത്തോട് വിടചൊല്ലിയത്. സെൻസെക്‌സ് 95 പോയിന്റും നിഫ്‌റ്റി 23 പോയിന്റും നഷ്‌ടം കഴിഞ്ഞയാഴ്‌ച നേരിട്ടു. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കത്തുന്ന ചൂടിലേക്ക് കടന്നെങ്കിലും ഈവാരം ഓഹരി വിപണികളുടെ ഗതി പ്രധാനമായും നിയന്ത്രിക്കുക കോർപ്പറേറ്ര് കമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാംപാദ (ജനുവരി-മാർച്ച്) പ്രവർത്തനഫലമായിരിക്കും.

കഴിഞ്ഞയാഴ്‌ച രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളായ ടി.സി.എസും ഇൻഫോസിസും നിരീക്ഷകരുടെ കണക്കുകളെ വെല്ലുന്ന ലാഭം കുറിച്ച് മികച്ച പ്രതീക്ഷകൾ നിക്ഷേപകർക്ക് നൽകിക്കഴിഞ്ഞു. റിലയൻസ് ഇൻഡസ്‌ട്രീസ്, വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ വമ്പൻ കമ്പനികളുടെ പ്രവർത്തനഫലമാണ് ഈവാരം പുറത്തുവരുക. ഇവയും മികച്ച നേട്ടം കുറിക്കുമെന്നാണ് സൂചന. അങ്ങനെയായാൽ, ഈവാരം സെൻസെക്‌സും നിഫ്‌റ്റിയും സർവകാല ഉയരത്തിലേക്ക് കുതിക്കാനും സാദ്ധ്യതയുണ്ട്. ഈമാസത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 39,000 പോയിന്റുകൾ ഭേദിച്ചിരുന്നു.

വിദേശ നിക്ഷേപകർ സജീവമായി ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും കരുത്താകും. 13,308 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് ഈമാസം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയത്. അതേസമയം, ഓഹരികൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒട്ടേറെ ഘടകങ്ങളും ഈവാരമുണ്ട്. തിരഞ്ഞെടുപ്പ് ട്രെൻഡ് തന്നെയാണ് മുഖ്യഘടകം. രണ്ടാംഘട്ട പോളിംഗിലേക്ക് ഈവാരം രാജ്യം കടക്കുകയാണ്. ഫെബ്രുവരിയിൽ വ്യാവസായിക ഉത്‌പാദന വളർച്ച 20 മാസത്തെ താഴ്‌ചയായ 0.1 ശതമാനത്തിലേക്ക് ഇടിഞ്ഞതും റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം മാർച്ചിൽ 2.6 ശതമാനത്തിൽ നിന്ന് 2.9 ശതമാനത്തിലേക്ക് ഉയർന്നതും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.