che
ഹാഷീഷ് ഓയിലുമായി പിടിയിലായ ഒഡിഷ സ്വദേശി സൂര്യ സൺ സേത്ത്

കൊച്ചി: മായം ചേർക്കാത്ത മയക്കുമരുന്ന് വില്പനക്കാരൻ എന്നറിയപ്പെടുന്ന ഒഡിഷ സ്വദേശി സൂര്യ സൺ സേത്തിനെ (ചെറി ബൂമർ -27)ആലുവ റേഞ്ച് എക്‌സൈസ് പിടികൂടി. 110 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മുൻകൂർഓർഡർ അനുസരിച്ച് ഒറീസയിലെ കട്ടക്കിൽ നിന്നാണ് ഇയാൾ മയക്കുമരുന്നുകൾ എത്തിക്കുന്നത്. കേരളത്തിൽ ട്രെയിനുകളിലെ പരിശോധന കർശനമാക്കിയതിനാൽ കട്ടക്കിൽ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിൽ എത്തി അവിടെ നിന്ന് ബസിലാണ് കേരളത്തിൽ എത്തുന്നത്. കട്ടക്ക് ടൗണിലെ 'അലിഗർ ദാദ' എന്നയാളിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ വാങ്ങുന്നതെന്നും പലതവണ കേരളത്തിൽ കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപി അറിയിച്ചു.
പാലക്കാടും തൃശൂരും ആവശ്യക്കാർക്ക് ഹാഷിഷ് ഓയിൽ നൽകിയ ശേഷം പനമ്പിള്ളി നഗറിൽവിൽക്കുന്നതിന് ഇടനിലക്കാരനായ 'ഇക്ക'എന്ന് വിളിപ്പേരുള്ളയാളെ തിരക്കി പ്രതി ആലുവ ചൂണ്ടി എന്ന സ്ഥലത്ത് വരുന്നുണ്ടെന്ന് എക്‌സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപയാണ് വില. പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ, സജീവ് കുമാർ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സിയാദ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.