പനാജി: വോട്ട് ചെയ്യുന്നതിന് മുമ്പ് ജനങ്ങൾ ചില കാര്യങ്ങൾ ഓർക്കണമെന്ന മുന്നറിയിപ്പുമായി ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പി ജയിച്ചാൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും എത്തുമെന്ന് കെജ്‌രിവാൾ പറഞ്ഞു. അതുകൂടാതെ ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേല്‍ക്കുമെന്നുംഅദ്ദേഹം ഓർമ്മിപ്പിച്ചു.
പശ്ചിമ ബംഗാളിൽ ബി.ജെ.പി റാലിയിൽ അടുത്തിടെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗഭാഗവും കെജ്‌രിവാൾ ഓർമ്മിപ്പിച്ചു. ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തുനിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദുക്കളെയും ബുദ്ധരെയും സിഖ് മതക്കാരെയും ഒഴിച്ചുള്ള നുഴഞ്ഞുകയറ്റക്കാരെ എല്ലാവരെയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞതായി കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
അപകടകരമായ കളിയാണ് നടക്കുന്നത്. വോട്ട് ചെയ്യുന്നതിന് മുമ്പ് ഒരുകാര്യം നിങ്ങൾ ഓർക്കണം. മോദി വീണ്ടും പ്രധാനമന്ത്രിയായാൽ അമിത് ഷാ ആയിരിക്കും ആഭ്യന്തര മന്ത്രി. പിന്നീട് എന്തുസംഭവിക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാമല്ലോ- ദക്ഷിണ ഗോവയിലെ മർഗാവ് നഗരത്തിൽ എ.എ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്‌രിവാൾ.
ഹിന്ദു, ബുദ്ധ, സിഖ് മതക്കാര്‍ അല്ലാത്തവരെ രാജ്യത്തിന് പുറത്താക്കുമെന്നാണ് അമിത് ഷാ പറയുന്നത്. ക്രിസ്ത്യൻ, മുസ്ലിം, പാഴ്‌സി, ജൈന് മതക്കാരെല്ലാം നുഴഞ്ഞുകയറ്റക്കാരായിട്ടാണ് അമിത് ഷാ കാണുന്നത്. ഇത് അപകടരമായ പ്രസ്താവനയാണ്. ഗോവയിലെ ജനസംഖ്യയുടെ 40 ശതമാനം ന്യൂനപക്ഷങ്ങളാണ്. ഗോവയിൽ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരെ അമിത് ഷാ പുറത്താക്കുക. ഇവിടെയുള്ള ആറ് ലക്ഷം ജനങ്ങളെ എന്താണ് ചെയ്യുക, കടലിലേക്ക് എറിയുമോ, അതോ അടിച്ചുകൊല്ലുമോ, കലാപമുണ്ടാക്കുമോ- കെജ്‌രിവാൾ ചോദിക്കുന്നു.