ബംഗളൂരു: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കറുത്തപെട്ടി കടത്തിയെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കർണാടകയിലെ ചിത്രദുർഗയിൽ ഇക്കഴിഞ്ഞ ഒമ്പതിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് മോദിയുടെ ഹെലികോപ്റ്ററിൽനിന്ന് പെട്ടികടത്തിയെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസ്, ജനതാദൾ എസ് നേതാക്കൾ ട്വീറ്റ് ചെയ്തിരുന്നു.
മോദിയുടെ ഹെലികോപ്റ്ററിനൊപ്പം മൂന്നിലധികം വിമാനങ്ങൾ അകമ്പടിയുണ്ടായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽനിന്ന് ഒരു കറുത്ത പെട്ടി മറ്റൊരു ഇന്നോവ കാറിലേക്ക് മാറ്റുന്നത് ഞങ്ങൾ കണ്ടു. അതിന് ശേഷം വാഹനം ഓടിച്ചുപോകുകയും ചെയ്തു. വാഹനവ്യൂഹത്തിന്റെ ഭാഗമല്ലാതിരുന്ന ഒരു വാഹനത്തിൽ പണമല്ലെങ്കിൽ പിന്നെന്തിനാണ് അന്വേഷണത്തിന് മടിയ്ക്കുന്നത്. ബംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ചോദിച്ചു. കർണാടകയിലെ കോൺഗ്രസ് നേതൃത്വം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും പെട്ടി കടത്താൻ എസ്.പി.ജിയെ ഉപയോഗിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ആനന്ദ് ശർമ്മ പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹറാവു പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ട ഉപകരണങ്ങളായിരുന്നു പെട്ടിയിലെന്നാണ് ചിത്രദുർഗ എസ്പി കെ. അരുണിന്റെയും പ്രതികരണം.