gold

ന്യൂഡൽഹി: സ്വർണം വാങ്ങാനും വില്‌ക്കാനും മാത്രമല്ല, ഇനി സൂക്ഷിക്കാനും കൈയിലൊരു മൊബൈൽ ഫോൺ മതിയാകും! സ്വർണം ഇടപാടുകൾ 'ഇലക്ട്രോണിക്കൽ" ആയി നടത്തുന്നതിന് അംഗീകാരം നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് കേന്ദ്രസർക്കാർ കടന്നു കഴിഞ്ഞു. രാജ്യത്തെ സ്വർണ വിപണിയെ സുതാര്യമാക്കുകയും ഭൗതിക രീതിയിലുള്ള സ്വർണ ഉപഭോഗം കുറയ്‌ക്കുകയുമാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം വൈകാതെ യോഗം ചേരുമെന്നാണ് സൂചന. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന പുതിയ സർക്കാരായിരിക്കും പദ്ധതി സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുക. ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലുമായി 25,000 ടണ്ണോളം സ്വർണം ഉറങ്ങിക്കിടക്കുന്നു എന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യൻ ജി.ഡി.പിയുടെ 45 ശതമാനത്തോളം വരുമിത്. ഈ സ്വർണം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് പ്രയോജനപ്പെടുന്ന വിധം വിപണിയിലേക്ക് എത്തിക്കുകയും സ്വർണത്തിന്റെ ഉപഭോഗം ക്രമേണ കുറച്ചു കൊണ്ടുവരുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ഇതു മുൻനിറുത്തി, കേന്ദ്രസർക്കാർ കൊണ്ടുവന്ന സ്വർണം പണമാക്കൽ, സ്വർണ ബോണ്ട് സ്‌കീമുകൾക്ക് കാര്യമായ പ്രതികരണം ലഭിക്കാത്ത പശ്‌ചാത്തലത്തിലുമാണ് പുതിയ പദ്ധതി ആലോചിക്കുന്നത്. രാജ്യത്തെ സ്വർണ വിപണിയെ നിയന്ത്രിക്കാനായി 'ഗോൾഡ് ബോർഡ്" രൂപീകരിക്കാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

പദ്ധതി ഇങ്ങനെ

സ്വർണം ഡിജിറ്റലായി കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ആദ്യം ഡീമാറ്ര് അക്കൗണ്ട് രൂപീകരിക്കണം. തുടർന്ന്, കൈവശമുള്ള സ്വർണം ഗോൾഡ് ഫണ്ട് സ്ഥാപനങ്ങൾ മുഖേന ഡീമാറ്ര് അക്കൗണ്ടിൽ നിക്ഷേപിക്കണം. സ്വർണം, ആ സ്ഥാപനം കൈവശം സൂക്ഷിക്കുകയും ഉപഭോക്താവിന് ഡിജിറ്റൽ രൂപത്തിൽ നൽകുകയും ചെയ്യും. ഹാൾമാർക്ക് ചെയ്യപ്പെട്ട സ്വർണമാണ് ഇത്തരത്തിൽ സൂക്ഷിക്കാനാവുക.

ഉപഭോക്താവിന് ഈ സ്വർണം പൂർണമായോ ഭാഗീകമായോ വിറ്റഴിക്കാനും ഈടുവച്ച് വായ്‌പ നേടാനും സാധിക്കും. സ്വർണം, ആഭരണ ശാലകൾക്ക് കൈമാറി തത്തുല്യമായ മൂല്യമുള്ള സ്വർണാഭരണം വാങ്ങാനും കഴിയും.

45%

നിലവിൽ, ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റുമായി 25,000 ടൺ സ്വർണം വെറുതേ കിടപ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) 45 ശതമാനം വരുമിത്.

2.5%

സ്വർണം ഉപഭോഗം കുറയ്‌ക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കിയ സ്വർണം പണമാക്കൽ, സ്വർണ ബോണ്ട് പദ്ധതികൾക്ക് നിർജീവമായ പ്രതികരണമാണ് ലഭിച്ചത്. വെറും 2.5 ശതമാനം മാത്രം പലിശയാണ് സ്വർണം പണമാക്കാൽ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്‌തത്.

1000 ടൺ

പ്രതിവർഷം ശരാശരി 1,000 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത്, രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയാക്കുന്നുണ്ട്. ഇറക്കുമതി കുറയ്‌ക്കുക കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.