kodiyeri

തിരുവനന്തപുരം: സി.പി.എമ്മുകാരന് മാത്രമല്ല ബി.ജെ.പിക്കാരനും കോൺഗ്രസുകാരനും ഒരു പോലെ ക്ഷേമപെൻഷൻ കിട്ടിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തുല്യനീതി ഉറപ്പാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് കോടിയേരി പറഞ്ഞു.

600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷന്‍ ഇന്ന് 1100 രൂപയാണ്. കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതും അത് കൃത്യമായി വീടുകളിലെത്തി തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസും ബി.ജെ.പിയും ആരാണ് കൂടുതൽ ഹിന്ദുത്വം പറയുന്നത് എന്ന കാര്യത്തിലാണ് മത്സരിക്കുന്നത്. ബി.ജെ.പി എന്ത് പറയുന്നോ അതാണ് കോൺഗ്രസ് ആവർത്തിക്കുന്നത്. അതുകൊണ്ട് രാജ്യത്ത് ഒരു മതനിരപേക്ഷ ബദൽ സർക്കാരാണ് അധികാരത്തിലെത്തേണ്ടതെന്നും കോടിയേരി പറഞ്ഞു.