sasi-tharoor

തിരുവനന്തപുരം:തിരുവനന്തുപരം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിന് ക്ഷീണമുണ്ടായാൽ ഉത്തരവാദപ്പെട്ട നേതാക്കൾ വീട്ടിലിരിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകിയതായി സൂചന.

പ്രചാരണം ശക്തമാക്കുന്നത് ചർച്ചചെയ്യാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് താക്കീത്.

മണ്ഡലത്തിലെ പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. ചില ഭാഗങ്ങളിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന വിമർശനത്തിന്റെയും ഇതു സംബന്ധിച്ച് ഹൈക്കമാൻഡിന് ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. അസംബ്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കൾ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. പ്രചാരണത്തിൽ ചില ഭാഗത്ത് അല്പം മന്ദത സംഭവിച്ചതായി യോഗം വിലയിരുത്തി.

തിരുവനന്തപുരത്തെ ഹിന്ദുമഹാസഭയുടെ താവളമാക്കാൻ അനുവദിച്ചാൽ വളരെ അപകടകരമായ സ്ഥിതി ഉണ്ടാവുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മൂന്നേകാൽ ലക്ഷത്തിലധികം വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടത്തക്കവിധം ഭാവിപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും നിർദ്ദേശമുണ്ടായി. പ്രചാരണത്തിൽ ചില നേതാക്കളുടെ സഹകരണം വേണ്ടത്ര കിട്ടിയില്ലെന്ന സ്ഥാനാർത്ഥി ശശിതരൂരിന്റെ പരാതി ഹൈക്കമാൻഡിന് ലഭിച്ചിട്ടില്ലെന്ന് മുകുൾ വാസ്‌നിക് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിന്റെ നിരീക്ഷകനായി നാനാപട്ടോളെയെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. തിരുവനന്തപുരത്ത് യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. തിരുവനന്തപുരത്ത് അഭിമാന മത്സരം ആയതിനാൽ കൂടുതൽ ശ്രദ്ധിക്കാനാണ് നിരീക്ഷകൻ. ശശിതരൂർ മികച്ച വിജയം നേടുമെന്നതിൽ സംശയമില്ലെന്നും മുകുൾ വാസ്‌നിക് പറഞ്ഞു. പ്രചാരണം മോശമാണെന്ന ഒരു പരാതിയും തന്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. തരൂരിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു. മണ്ഡലത്തിന്റെ പ്രചാരണചുമതലയുള്ള വി.എസ്.ശിവകുമാർ എം.എൽ.എ, തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അസംബ്ളി മണ്ഡലങ്ങളുടെ ചുമതലക്കാരായ എ.ടി ജോർജ്, വിജയൻ തോമസ്, ആർ.ശെൽവരാജ്, എം.എ. വാഹിദ്, കോളിയൂർ ദിവാകരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.