കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പടനീക്കം ശക്തമാക്കി എൽ.ഡി.എഫ്. പി.പി. സുനീറിന് വോട്ടുറപ്പിക്കാനായി മണ്ഡലത്തിലെ വീടുകളിൽ ഇറക്കിയത് പതിനായിരം സ്‌ക്വാഡുകളെ. ഇവർ വീടുകൾ തോറും കയറി പ്രചാരണം നടത്തി. മണ്ഡലത്തിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും ഈ വോട്ടുറപ്പിക്കൽ യജ്ഞത്തിൽ പങ്കാളികളായി. 'വോട്ടു ചോദിക്കും മുമ്പ് രാഹുൽ വയനാട്ടുകാരോട് മാപ്പു ചോദിക്കുമോ' എന്ന് യു.ഡി.എഫിനോടുളള ചോദ്യവുമായാണ് ഇടതു മുന്നണി പ്രവർത്തകർ വോട്ടർമാരെ സമീപിച്ചത്.
സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.കെ. ശശീന്ദ്രൻ എം.എൽ.എ, കൺവീനർ പി.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. സ്ഥാനാർത്ഥി പി.പി.സുനീർ മൂന്നാംഘട്ട പ്രചാരണവും നടത്തിക്കഴിഞ്ഞു. സുൽത്താൻ ബത്തേരിയിൽ റോഡ് ഷോയ്‌ക്കായി 17- ന് രാഹുൽഗാന്ധി എത്തുന്നുണ്ട്. രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്‌ത തിരുനെല്ലിയിലെ പാപനാശിനിയിലും രാഹുൽ സന്ദർശനം നടത്തും. പ്രിയങ്കാ ഗാന്ധി മറ്റൊരു ദിവസം മണ്ഡലത്തിലെത്തും. രാഹുലിനു വേണ്ടി കേന്ദ്ര, സംസ്ഥാന നേതാക്കളാണ് ഇപ്പോൾ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. ഇടതു മുന്നണിയും ഇനിയുളള ദിവസങ്ങളിൽ കേന്ദ്ര, സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കും. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും മണ്ഡലത്തിലെത്തുന്നുണ്ട്.