ചങ്ങനാശേരി: തൃശൂർ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. സമുദായത്തിന്റെ ഒരു കാരണവർ എന്ന നിലയിൽ സുകുമാരൻ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എന്നാൽ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടില്ല.
2015ൽ സുരേഷ് ഗോപി എൻ.എസ്.എസ് ആസ്ഥനാത്തെത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ സുകുമാരൻ നായർ കൂട്ടാക്കാത്തത് വലിയ വാർത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടർന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എൻ.എസ്.എസ് നൽകിയ വിശദീകരണം.
അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എൻ.എസ്.എസ്.ആസ്ഥാനം വീണ്ടും സന്ദർശിക്കുന്നത്. തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന. കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി പി.സി.തോമസിന്റെ പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയിൽ സുരേഷ് ഗോപി റോഡ് ഷോ നടത്തുന്നുണ്ട്.