ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാവാൻ ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ 1800 കോടി കോഴ നൽകിയെന്ന കോൺഗ്രസിന്റെ ആരോപണത്തിൽ പുതിയ വഴിത്തിരിവ്. കോഴ നൽകിയതുമായി ബന്ധപ്പെട്ട് കണക്കുകൾ സൂക്ഷിച്ചിരുന്ന യെദിയൂരപ്പയുടെ യഥാർത്ഥ ഡയറി കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടു. ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കും പാർട്ടിക്കും കോഴ നൽകിയെന്നാണ് ഡയറിയിലെ കുറിപ്പ്.
നേരത്തെ ഡയറിയുടെ പകർപ്പ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ അത് പകർപ്പ് മാത്രമാണെന്ന് ആക്ഷേപിച്ച് ബി.ജെ.പി അത് നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് യഥാർത്ഥ ഡയറി പുറത്തുവിട്ടത്. ബി.ജെ.പി നേതാക്കളായ നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി 150 കോടി, രാജ്നാഥ് സിംഗ് 100 കോടി എന്നിങ്ങനെയാണ് ഡയറിയിലെ കോഴക്കണക്ക്. ബി.ജെ.പി കേന്ദ്രകമ്മിറ്റി 1000 കോടി, ജഡ്ജിമാർ 500 കോടി എന്നും രേഖയിൽ പറയുന്നു.
ഡയറിയിലൂടെ പുറത്തുവന്ന വിവരങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. യഥാർഥ ഡയറി തന്റെ പക്കലുണ്ടെന്നും ഏത് അന്വേഷണ ഏജൻസിക്കും ഇത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസ് പുറത്തുവിട്ട പുതിയ തെളിവുകൾ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന സൂചനയുണ്ട്. കോഴക്കണക്കുമായി ബന്ധപ്പിച്ച് ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് കോൺഗ്രസിന്റെ നീക്കം.