"അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുള്ളവനാണെങ്കിൽ......" എന്നു പറഞ്ഞ് വെല്ലുവിളിക്കുന്ന നായകൻമാരെയും വില്ലൻമാരെയും പല സിനിമകളിലും കാണാം. എന്നാൽ ഇനി അങ്ങനെ വെല്ലുവിളിക്കുന്നതിന് മുൻപ് ഏതുവില്ലനും നായകനും രണ്ടാമതൊന്ന് ആലോചിക്കും. കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമാണ് മുലപ്പാൽ. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അടിത്തറ തന്നെ പാകുന്നത് മുലപ്പാലാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. നവജാത ശിശുവിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ വിറ്റാമിനുകളും അടങ്ങിയതാണ് മുലപ്പാൽ രോഗപ്രതിരോധത്തിനും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണിത്.
പരമാവധി മൂന്നോ നാലോ വയസ് വരെയാമ് അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാറ്. അതിന് ശേഷം മുലപ്പാലിൽ നിന്ന് ലഭിക്കുന്ന അവശ്യം ഘടകങ്ങൾഭക്ഷണത്തിലൂടെ ലഭ്യമാക്കുകയാണ് പതിവ്. എന്നാൽ ഭക്ഷണത്തിലൂടെ ലഭിക്കാത്ത ചിലത് കൂടി മുലപ്പാൽ നൽകുന്നുണ്ട്. മുതിർന്നവർക്കാണെങ്കിൽ മുലപ്പാലിലൂടെ ഇവ നേടുക സാദ്ധ്യമല്ല. അതിനാൽ വിലമതിക്കാനാകാത്ത ഈ ഘടകങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ചില മരുന്ന് കമ്പനികൾ.
'DowDuPont Inc' , 'BASF' എന്നീ കമ്പനികളാണ് ഇതുസംബന്ധിച്ച് നിർണായക പ്രഖ്യാപനം നടത്തിയത്. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന 'ഹ്യൂമൻ മിൽക്ക് ഒലിഗോസാക്രൈഡ്' എന്ന ഘടകം മനുഷ്യന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമത്രേ. ഇത് വയറ്റിൽ ചെന്നുകഴിഞ്ഞാൽ ദഹിക്കാതെ കിടക്കും, ശേഷം അങ്ങനെ തന്നെ മലാശയത്തിലെത്തും. അവിടെ വച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ചിലയിനം ബാക്ടീരിയകളുടെ വളർച്ചയ്ക്ക് അവ സഹായം നല്‍കുന്നു. വിവിധ തരത്തിലുള്ള അണുബാധകളെ ചെറുക്കാനും മറ്റ് പല അസുഖങ്ങളെയും പ്രതിരോധിക്കാനുമുള്ള കഴിവ് അതോടെ നമുക്ക് നേടാനാകുന്നു.
വിപുലമായ പദ്ധതികളാണ് ഇത് സംബന്ധിച്ച് മരുന്ന് കമ്പനികൾ തയ്യാറാക്കുന്നത്. മനുഷ്യശരീരത്തെ ആരോഗ്യമുള്ളതാക്കി കാത്തുസൂക്ഷിക്കാൻ അത്രമാത്രം സഹായകമാകുന്ന മരുന്നായിരിക്കും ഇവർ വികസിപ്പിച്ചെടുക്കുന്നത്