sushma-swaraj-

തൃശൂർ : കേരളത്തിൽ വന്ന് ശബരിമലയുടെ പേരുപറയാതെ പോകാനാകില്ലെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. അയ്യപ്പന്റെ പേരുപറഞ്ഞതിന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരമെന്നും സുഷമ സ്വരാജ് പറഞ്ഞു. അയ്യപ്പഭക്തർക്കൊപ്പം അടിയുറച്ച നയമാണ് ബിജെപി സ്വീകരിച്ചത്.എന്നാല്‍ ഭക്തരുമായി ഏറ്റുമുട്ടല്‍ നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇഷ്ടദൈവത്തിന്റെ പേരുപറയാൻ പോലും കഴിയില്ലെ എന്നുചേദിച്ച് സുഷമ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയെയും വിമർശിച്ചു.

ഇതിന്റെ പേരില്‍ നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങൾ മനസിലാകുന്നില്ലെന്നും സുഷമ പറഞ്ഞു. ശബരിമലയിൽ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തിൽ കോൺഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഇല്ലാതെ പോയത്. ഈ വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ തെരുവിലിറങ്ങി പോരാട്ടം നടത്തി. ഇതിന്റെ പേരിൽ നമ്മുടെ പാർട്ടി നേതാക്കൾക്കെതിരെ നൂറിലധികം കേസുകളുണ്ടെന്നും പ്രവർത്തകർക്കെതിരെ ആയിരക്കണക്കിന് കേസുകളുണ്ടെന്നും അവരെ വേട്ടയാടിയെന്നും സുഷമസ്വരാജ് ആരോപിച്ചു. ദീർഘമായ പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപോയത്, ബി.ജെ.പി പ്രവർത്തകർ ഇത്തരത്തിലുളള അതിക്രമത്തിന് മുന്നിൽ തലകുനിച്ചില്ല എന്നും സുഷമ പറഞ്ഞു.