subhashini-ali

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ അത് മോദിയുടെ തറവാട് സ്വത്തല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. എൽ.ഡി.എഫ് തിരുവനന്തപുരം വള്ളക്കടവിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ഉദ്‌ഘാടനത്തിനിടെയാണ് സുഭാഷിണി അലി മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.

നരേന്ദ്ര മോദിക്ക് ആകെ താല്പര്യമുള്ളത് മൂന്ന് വിഷയങ്ങളിലാണ്. അത് അംബാനി, അദാനി, പശു എന്നിവയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുമെന്നും സുഭാഷിണി പറഞ്ഞു. നരേന്ദ്ര മോദി മുത്തലാഖ് ബിൽ കൊണ്ടുവന്നു. ആ വിഷയത്തിൽ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ് ഇടതുപക്ഷ നിലപാട്. മോദിക്ക് ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രി ആവുകയും മുത്തലാഖ് ചൊല്ലിയ മുസ്ലിം ജയിലിൽ പോവുകയും ചെയ്യേണ്ടി വരുന്നതിനെയാണ് ഞങ്ങൾ എതിര്‍ക്കുന്നത് അവ‌ർ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പ്രത്യേക പദ്ധതികളുടെ ഫലമായി വയനാട്ടിൽ നിന്നൊരു മിടുക്കി ഐ.എ.എസ് നേടിയിരിക്കുന്നു. എന്നാൽ രാഹുൽഗാന്ധി 15 വർഷം തുടർച്ചയായി പ്രതിനിധീകരിക്കുന്ന അമേത്തിയിൽ പിന്നോക്ക വിഭാഗക്കാർക്ക് ബിരുദം പോലും സ്വപ്നം കാണാനാകുന്നില്ല. അവിടെ 50 ശതമാനം സ്ത്രീകളും നിരക്ഷരരാണ്. 48 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും സുഭാഷിണി അലി വ്യക്തമാക്കി