muralee-manohar-joshi-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷിയുടെ പേരിൽ സോഷ്യൽ മീഡീയയിൽ കത്ത് പ്രചരിച്ചിരുന്നു. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോഷി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എൽ.കെ.അദ്വാനിക്ക് അയച്ചതെന്ന പേരിൽ പ്രചരിക്കുന്ന കത്തിനെതിരെയാണ് ജോഷി പരാതി നൽകിയത്. .


ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അദ്വാനിക്ക് അയച്ചെന്ന പേരിൽ ഒരു കത്ത് വാട്സാപ്, ട്വിറ്റർ എന്നിവ വഴി പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എ.എൻ.ഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ആകെ‌ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 8–10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ താൻ പോകാൻ തയ്യാറായില്ലെന്നുമാണ് കത്തിൽ പറയുന്നത്.

മാദ്ധ്യമങ്ങളിലെ എന്റെ സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു കത്ത് പ്രചരിക്കുന്ന വിവരം എന്നെ അറിയിച്ചത്. തുടർന്ന് ഞാൻ ആ കത്ത് വായിച്ചു. ഇത്തരത്തിലൊരു കത്ത് ഞാൻ എഴുതിയിട്ടില്ല. ഇത്തരത്തിലൊരു കത്ത് പ്രചരിപ്പിച്ചത് ആരാണെന്ന വിവരം ഉടൻ പുറത്തുവരണം'- ജോഷി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തരമൊരു കത്ത് പുറത്തുവിട്ടിട്ടില്ലെന്നു എ.എൻ.ഐയും അറിയിച്ചിട്ടുണ്ട്.

Murali Manohar Joshi writes to LK Advani showing his anger against Modi/Shah.... pic.twitter.com/1E96Km2y3s

— Kanwal Chadha (@KanwalChadha) April 13, 2019