mayawati

ലഖ്‌നൗ: ബി.എസ്.പി അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പലിശയടക്കം തിരിച്ച് നൽകുമെന്ന് ബി.എസ്‌.പി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മീഷൻ മായാവതിക്ക് 48 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതികരിച്ചാണ് മായാവതി രംഗത്തെത്തിയത്. തനിക്ക് വിലക്കേർപ്പെടുത്തിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യ അജണ്ടയുണ്ടെന്നും അവർ ആരോപിച്ചു.

"അവരുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയർത്താൻ ഞാൻ ജനങ്ങളോട് ആവശ്യപ്പെടുന്നു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണ്. ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാൻ ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ജനങ്ങൾ നിങ്ങൾക്കും ബി.ജെ.പിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നൽകും. കേന്ദ്രത്തിൽ ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ അവസരം കിട്ടിയാൽ ഇതിന് പലിശയടക്കം തിരിച്ച് നൽകുമെ"ന്നും മായാവതി വ്യക്തമാക്കി.

സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ധൈര്യം കാണിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രചാരണ വിലക്കേർപ്പെടുത്തിയിരുന്നു.