തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. കേരളത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നിർമലാ സീതാരാമൻ ഇന്ന് രാവിലെയാണ് ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദർശിച്ചത്. തലയ്ക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
ട്വിറ്ററിലൂടെ ശശി തരൂർ തന്നെയാണ് നിർമല സീതാരാമൻ തന്നെ സന്ദർശിക്കുന്നതിന്റെ ചിത്രം പങ്കുവച്ചത്. നിർമല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എതിരാളിയും തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ സി.ദിവാകരൻ തന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ വച്ച് ശശി തരൂർ അപകടം സംഭവിച്ചത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസിൽ തന്നെ ഇരിക്കവെ ത്രാസിന്റെ ദണ്ഡ് തലയിൽ വീണാണ് തരൂരിന് പരിക്കേറ്റത്. തലയിലെ മുറിവിൽ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സർജറി ഐ.സിയുവിൽ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽകോളേജ് സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്റെ ഇന്നലത്തെ പര്യടന പരിപാടികൾ റദ്ദാക്കിയിരുന്നു.