ramesh-chennithala

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്‌ക്ക് കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് വാഗ്ദാനം ചെയ്‌ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ സ്വർണം നൽകുമെന്ന വാഗ്ദാനം. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നൽകുമെന്ന് പി.കെ ബഷീർ എം.എൽ.എയും മുൻ മന്ത്രി ആര്യാടൻ മുഹമ്മദും പറഞ്ഞിരുന്നു. ഇത് കൂടാതെയാണ് ചെന്നിത്തലയുടെ വാഗ്ദാനവും.

വയനാട്ടിൽ രാഹുലിന് മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്ന് രാഹുലിന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മലപ്പുറം ജില്ലയുടെ ഭാഗമായ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ മണ്ഡലങ്ങളിൽ ഒന്നര ലക്ഷത്തിന് മുകളിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ ഉച്ചയ്ക്കു പാലായിലെത്തി കെ.എം. മാണിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വയനാട്ടിലും പാലക്കാട്ടുമാണു നാളെത്തെ പ്രചാരണപരിപാടികൾ.