-arrested

കൊച്ചി: പനമ്പള്ളി നഗറിൽ നടുറോഡിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയമാണ് ബൈക്കിലെത്തിയ സംഘം പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. ഓടി രക്ഷപ്പെട്ട പെൺകുട്ടി റോഡ് മുറിച്ച് കടന്ന് സമീപത്തെ കടയിൽ രക്ഷതേടി. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.