suresh-gopi

തൃശൂർ : തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വളരെ വൈകിയാണ് എത്തിയതെങ്കിലും വ്യത്യസ്തമായ പ്രചരണ രീതികളാൽ തൃശൂർ മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുവാൻ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. തന്റെ താരപരിവേഷത്തെ നന്നായി ഉപയോഗിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പ്രചരണത്തിനിടയിൽ മുൻകൂട്ടി ഒരു മുന്നറിയിപ്പും നൽകാതെ വീടുകളിൽ നിന്നും ഉച്ചഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കുന്നതിലൂടെയും ജനശ്രദ്ധ നേടാൻ സുരേഷ് ഗോപിക്കായി. എന്നാൽ വെറും ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ടായി ഇതിനെ കാണരുതെന്ന് ഒരു മാദ്ധ്യമത്തിനോട് സംസാരിക്കവേ സുരേഷ് ഗോപി വ്യക്തമാക്കി.

സിനിമാ ലൊക്കേഷനിലടക്കം സമയത്ത് ഉച്ചഭക്ഷണം ലഭിച്ചില്ലെങ്കിൽ സമീപത്തെ വീടുകളിലെത്തി ആഹാരം കഴിക്കുന്ന തന്റെ ശീലത്തെ കുറിച്ചും താരം വാചാലനായി. കമ്മ്യൂണിസ്റ്റ് എന്ന ലോ ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചിരുന്നെന്നും, ചിത്രത്തിൽ താനഭിനയിച്ച പതിനാറ് ദിവസവും മൂന്ന് നേരം ആഹാരം സമീപത്തെ വീടുകളിൽ നിന്നായിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. ഒരു മണി സമയമായാൽ എവിടെ നിന്നായാലും ആഹാരം കഴിക്കുക എന്നതാണ് തന്റെ ശീലം അത് ആരു നൽകിയെന്നതല്ല പ്രധാനമെന്നും അദ്ദേഹം പറയുന്നു.

തൃശൂരിൽ പ്രചരണ പരിപാടികളുമായി മുന്നേറവെ ഉച്ചയ്ക്ക് 1.15 ആയപ്പോൾ ഉച്ചഭക്ഷണത്തെ കുറിച്ച് നേതാക്കളോട് സൂചിപ്പിച്ചപ്പോൾ രണ്ട് പരിപാടികൾ കൂടി കഴിഞ്ഞാൽ മാത്രമേ ഭക്ഷണത്തിനായി ഏർപ്പാട് ചെയ്തിടത്ത് എത്തുകയുളളൂ എന്നാണ് അവർ അറിയിച്ചത്. ഉടൻ തന്നെ സ്വന്തം ശൈലിയിൽ അടുത്ത വീട്ടിൽ കയറി ചോറ് ചോദിച്ചതാണെന്നും അല്ലാതെ അതിൽ രാഷ്ട്രീയക്കാരന്റെ കൗശലം പ്രയോഗിച്ചതല്ലെന്നും സ്ഥാനാർത്ഥി വ്യക്തമാക്കുന്നു. അതേ സമയം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സഹപ്രവർത്തകരായ സിനിമാപ്രവർത്തകരെ താൻ വിളിച്ചിട്ടില്ലെന്നും പരസ്യമായി പ്രചരണത്തിനിറങ്ങാൻ അവർക്കാവില്ലെന്നും ഭയമാണെന്നും അദ്ദേഹം പറയുന്നു..