eci

ചെന്നെെ: ഡി.എം.കെ സ്ഥാനാർത്ഥിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് സംബന്ധിച്ച് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അത്തരത്തിലൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ വക്താവ് വ്യക്തമാക്കി. പണം വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനാണെന്നും തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളിൽ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.

മാർച്ച് 30ന് ഡി.എം.കെ നേതാവ് ദുരൈ മുരുഗന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കിൽ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണിൽ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു. എന്നാൽ,​ പണം പിടികൂടിയതിനെപ്പറ്റി ദുരൈ മുരുഗൻ വ്യക്തമായി പ്രതികരിച്ചിട്ടില്ല. വെല്ലൂരിലടക്കം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18-ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക.