പത്തനാപുരം: ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണെന്നും എതിർ ശബ്‌ദങ്ങളെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസിന്റെ ന്യായ് പദ്ധതിയുടെ പണം കണ്ടെത്താൻ മദ്ധ്യവർഗത്തിന്റെ നികുതി കൂട്ടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെറ്റാണ്. ഇതിന് വേണ്ടി മദ്ധ്യവർഗത്തിൽ നിന്ന് ഒരു രൂപ പോലും പിരിക്കില്ല. എന്നാൽ നികുതി വെട്ടിപ്പ് നടത്തുന്ന അനിൽ അംബാനിമാരിൽ നിന്നും പണം ഈടാക്കി പാവപ്പെട്ടവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് യു.ഡി.എഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ആശയങ്ങളുടെ സംഗമസ്ഥാനമെന്ന സന്ദേശം രാജ്യവ്യാപമാകമായി പ്രചരിപ്പിക്കുന്നതിനാണ് ഞാൻ ഇത്തവണ കേരളത്തിൽ നിന്നും മത്സരിക്കുന്നത്. കേരളത്തിൽ നിന്നും മത്സരിക്കുന്നത് എനിക്ക് കിട്ടുന്ന ആദരവും അഭിമാനവുമാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്കാർ മറ്റ് രാജ്യത്തേക്കാൾ താഴ്‌ന്നവരാണെന്നാണ് ബി.ജെ.പിയുടെ വാദം. കഴിഞ്ഞ ദിവസങ്ങളിൽ ചില ബി.ജെ.പി നേതാക്കൾ ഇത്തരത്തിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ എല്ലാവരെയും പോലെ തങ്ങളും തുല്യരാണെന്ന കേരളത്തിന്റെ ചിന്താഗതി മാതൃകയാണ്. സാമൂഹ്യ സമനയ്വത്തിന്റെ മികച്ച ഉദാഹരണമാണ് കേരളം. രാജ്യം ഇപ്പോൾ ആർ.എസ്.എസിൽ നിന്നും വലിയ ആക്രമണത്തിന് ഇരയാവുകയാണ്. തങ്ങളുടേതല്ലാത്ത എല്ലാ ശബ്‌ദങ്ങളെയും അവർ തകർക്കുന്നു. ഇതിന് ശക്തമായ മറുപടി കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിലൂടെ നൽകും.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് വേണ്ടി മാത്രം ഒരു ബഡ്‌ജറ്റുണ്ടാകും. ഇതിൽ കശുവണ്ടി കർഷകരും ഉൾപ്പെടും. വർഷം തുടങ്ങുമ്പോൾ തന്നെ സർക്കാർ നിങ്ങൾക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്ന കാര്യം കർഷകർക്ക് മനസിലാകും.കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ന്യായ് പദ്ധതിക്ക് വേണ്ടി ഒരു രൂപപോലും രാജ്യത്തെ മദ്ധ്യവർഗത്തിൽനിന്ന് ഈടാക്കില്ല. ന്യായ് പദ്ധതിക്ക് വേണ്ടി നികുതി വർദ്ധിപ്പിക്കുകയുമില്ല. രാജ്യത്തെ സമ്പന്നരിൽനിന്ന് മാത്രമേ ഇത് ഈടാക്കൂ. നിയമങ്ങൾ അനുസരിച്ച് വ്യവസായം ചെയ്യുന്നവരിൽനിന്ന് പണം ഈടാക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളാണെന്ന ഒറ്റക്കാരണത്തിലാണ് അതിസമ്പന്നർക്ക് എല്ലാം ലഭിക്കുന്നത്. ഇവരിൽനിന്നാണ് ന്യായ് പദ്ധതിക്ക് ഈടാക്കുക. നികുതി വെട്ടിപ്പ് നടത്തുന്ന അംബാനിമാരിൽ നിന്നും പണം ഈടാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.